പുനലൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നായി 2.5 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ യുവതി അടക്കം മൂന്നുപേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ സ്വദേശി വിദ്യ (26), തിരുവനന്തപുരം പെരിങ്ങമ്മല സ്വദേശികളായ രോഹിത് (32), രാഹുൽ (30) എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയിൽവേ അടക്കമുളള നിരവധി സ്ഥാപനങ്ങളിൽ ജോലി നൽകാമെന്ന് പറഞ്ഞു തട്ടിപ്പ് നടത്തുന്ന വൻ റാക്കറ്റിലെ മുഖ്യകണ്ണിയാണ് വിദ്യയും യുവാക്കളുമെന്ന് പൊലീസ് പറഞ്ഞു.
പുനലൂർ കരവാളൂർ സ്വദേശി മുരളീധരൻ പിളളയുടെ മകന് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് നൽകി വിദ്യ 14.5 ലക്ഷം രൂപ കൈക്കലാക്കിയിരുന്നു. ഉത്തരവുമായി ചെന്നൈയിൽ ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് ബോധ്യമായത്. തുടർന്നാണ് പുനലൂർ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം കൊട്ടിയത്ത് വച്ച് പരാതിക്കാരൻ വിദ്യയെ കണ്ടു. വിവരം പുനലൂർ പൊലീസിൽ അറിയിച്ചു. കൊട്ടിയത്തെ ഒരു വീട്ടിൽ നിന്നും വിദ്യയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് തട്ടിപ്പിലെ കണ്ണികളായ രോഹിതിനെ തിരുവനന്തപുരത്തുനിന്നും രാഹുലിനെ കൊല്ലത്തുനിന്നും അറസ്റ്റ്ചെയ്തു.
വിദ്യയുടെ ബാങ്ക് അക്കൗണ്ടുകളിൽ പലരിൽ നിന്നായി തട്ടിയെടുത്ത 2.5കോടിയിൽ അധികം രൂപ നിക്ഷേപിച്ചതായി പൊലിസ് കണ്ടെത്തി. മകന് റെയിൽവേയിൽ ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞു മുരളീധരൻപിള്ളയിൽ നിന്നും ആദ്യം ഒരു ലക്ഷം രൂപയാണ് വിദ്യവാങ്ങിയത്. ബാക്കി പണം നിയമന ഉത്തരവ് ലഭിച്ചശേഷം നൽകണമെന്നായിരുന്നു വ്യവസ്ഥ. താമസിയാതെ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ചെന്നൈയിലെ റെയിൽവേ ഡിവിഷണൽ മാനേജരുടെ പേരിൽ വ്യാജ ഉത്തരവ് തയ്യാറാക്കി നൽകി. അതിനുശേഷം 13.5 ലക്ഷം രൂപ കൂടി വിദ്യ വാങ്ങി. ഉത്തരവുമായി ചെന്നൈയിൽ എത്തി അവിടത്തെ രജിസ്റ്ററിൽ ഒപ്പിട്ടശേഷം ജോലിക്ക് കയറാമെന്ന് ധരിപ്പിച്ചിരുന്നു. ചെന്നൈയിലെ ഡിവിഷണൽ ഓഫിസിന് സമീപത്ത് എത്തിയ മുരളീധരൻ പിള്ളയെയും മകനെയും സ്വീകരിച്ചത് വിദ്യയുടെ ആൾക്കാരാണ്. അവർ ഒരു രജിസ്റ്റർ കാട്ടി അതിൽ ഒപ്പിടിയിച്ചശേഷം മുങ്ങുകയായിരുന്നു.എന്നാൽ റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് ബോധ്യമായത്. തുടർന്നാണ് നാട്ടിലെത്തി പുനലൂർ പൊലിസിൽ പരാതി നൽകിയത്.
വിദ്യക്കെതിരെ തിരുവനന്തപുരം, പരവൂർ, മെഡിക്കൽ കോളേജ്, പേട്ട എന്നി പൊലിസ് സ്റ്റേഷനുകളിൽ നിരവധി തട്ടിപ്പ് കേസുകൾ ഉണ്ടെന്ന് എസ്.ഐ അശ്വിൻ പറഞ്ഞു. ജില്ലാ റൂറൽ പൊലിസ് സൂപ്രണ്ട് സൈമൺ, പുനലൂർ ഡിവൈ.എസ്.പി സതീഷ് കുമാർ എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ വിനോദ്, ഷൈജു, എ.എസ്.ഐമാരായ മനോജ്, രവീന്ദ്രൻ, വനിതാ സി.പി.ഒ.റജീന എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.