kunnathoor
കുന്നത്തൂരിൽ നിന്നും അനധികൃത മണ്ണെടുപ്പിനിടെ പിടികൂടിയ ഹിറ്റാച്ചി

കുന്നത്തൂർ: കുന്നത്തൂർ തോട്ടത്തുംമുറിയിൽ അനധികൃത മണ്ണെടുപ്പിൽ ഏർപ്പെട്ടിരുന്ന മണ്ണുമാന്തിയന്ത്രം പിടിച്ചെടുത്തു. കുന്നത്തൂർ തഹസീൽദാർ കെ. ഓമനക്കുട്ടൻ, ഡെപ്യൂട്ടി തഹസീൽദാർമാരായ കെ. മധുസൂദനൻ, സി. ശ്രീകുമാർ, കുന്നത്തൂർ വില്ലേജ് ഓഫീസർ ജയശ്രീ, താലൂക്ക് ഓഫീസ് ജീവനക്കാരായ എസ്. ജയകുമാർ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഹിറ്റാച്ചി യന്ത്രം പിടികൂടിയത്.

പാസില്ലാതെ സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ നിന്നാണ് മണ്ണ് കടത്തിയിരുന്നത്. രാപകൽ വ്യത്യാസമില്ലാതെ നടന്ന മണ്ണെടുപ്പിനെതിരെ പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി. താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ദിവസവും ആയിരക്കണക്കിന് ലോഡ് മണ്ണാണ് നിയമം ലംഘിച്ച് കടത്തുന്നത്.

ഉദ്യോഗസ്ഥ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ടെന്നാണ് ആരോപണം. വീട് വയ്ക്കുന്നതിനും മറ്റുമാണ് പലരും പാസെടുക്കുന്നത്. എന്നാൽ ഇതിന്റെ മറവിൽ ഏക്കറുകണക്കിന് പ്രദേശത്തെ മണ്ണാണ് ഇടിച്ചുനിരത്തുന്നത്.

സമീപ പുരയിടങ്ങളിലെയും വരെ മണ്ണ് ഒറ്റ പാസിലൂടെ കടത്തുകയാണ് പതിവ്. സാധാരണക്കാർ വീട് വയ്ക്കുന്നതിനു വേണ്ടി പാസ് സംഘടിപ്പിക്കാൻ മാസങ്ങളോളം ജിയോളജി വകുപ്പിന്റെ ജില്ലാ ഓഫീസിൽ കയറിയിറങ്ങി നടുവൊടിയുമ്പോഴാണ് മണ്ണ് മാഫിയയുടെ വിളയാട്ടം. പൊലീസിനെയും മറ്റ് വകുപ്പുകളെയും വെട്ടിക്കുന്നതിന് പ്രധാന ജംഗ്ഷനുകളിൽ എസ്കോർട്ട് സംഘത്തെയും ഇവർ ഏർപ്പെടുത്തിയിട്ടുണ്ടാകും. കഴിഞ്ഞ ദിവസം ശൂരനാട് എസ്.ഐയുടെ നേതൃത്വത്തിൽ കക്കാക്കുന്നിലെ മണ്ണെടുപ്പ് കേന്ദ്രത്തിൽ നിന്ന് 13 ടിപ്പർ ലോറികളും ഒരു ജെ.സി.ബിയും പിടിച്ചെടുത്തിരുന്നു.