puram
സർക്കാർ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി വേലി കെട്ടി തിരിച്ചിരിക്കുന്നു

അഞ്ചാലുംമൂട്: പനയത്ത് സർക്കാർ പുറമ്പോക്ക് സ്ഥലം കൈയേറിയ സംഭവമറിഞ്ഞ് നടപടിക്കെത്തിയ പനയം വില്ലേജ് ഓഫീസർ അജിതയ്ക്കും മറ്റ് ജീവനക്കാർക്കുമെതിരെ വീട്ടുകാരുടെ തെറിയഭിഷേകം.

പനയം ക്ഷേത്രത്തിന് പടിഞ്ഞാറ് പനയം നോർത്ത് എൽ.പി സ്കൂളിന് സമീപം പെരിനാട് റെയിൽവേ സ്‌റ്റേഷൻ റോഡിനോട് ചേർന്ന് നെല്ലിയിൽ വീട്ടിൽ വർഗീസ് സാമുവലാണ് സർക്കാർ പുറമ്പോക്ക് സ്ഥലം കൈയേറി വേലി കെട്ടിമറച്ച് ഗേറ്റ് സ്ഥാപിച്ചത്. 40 വർഷം മുമ്പ് വർഗീസിന്റെ പിതാവ് സാമുവലാണ് ഇതിനോട് ചേർന്ന ഭൂമി വിലയ്ക്ക് വാങ്ങി വീട് വച്ചത്. എന്നാൽ 30 വർഷം മുമ്പ് റവന്യൂ അധികൃതർ അളന്ന് തിരിച്ചിട്ട പുറമ്പോക്ക് ഭൂമിയുടെ അവകാശവാദമാണ് ഇപ്പോൾ വർഗീസ് ഉന്നയിക്കുന്നത്.

വർഗീസ് വളഞ്ഞുകെട്ടിയ 13 സെന്റ് വസ്തുവിനോട് ചേർന്ന് മറ്റൊരാളും 4 സെന്റ് വസ്തു കൈക്കലാക്കിയിരുന്നു. മൊത്തം 17 സെന്റ് വസ്തുവാണ് സർക്കാർ പുറമ്പോക്കായി റവന്യു രേഖയിലുള്ളത്.

സംഭവമറിഞ്ഞ് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകാൻ സ്ഥലത്തെത്തുകയും പുതുതായി സ്ഥാപിച്ച ഗേറ്റിൽ ഒരു കോപ്പി പതിക്കുകയും ചെയ്തു. ഇത് കണ്ട വർഗീസിന്റെ ഭാര്യ നോട്ടീസ് വലിച്ചു കീറി വില്ലേജ് ആഫീസറേയും മറ്റ് ജീവനക്കാരേയും തെറി വിളിക്കുകയും ചെയ്തു. നടപടി എടുത്താൽ വില്ലേജ് ഓഫീസിന് മുന്നിലെ കുളത്തിൽ ചാടി മരിക്കുമെന്ന് ഇവർ ഭീഷണി മുഴക്കിയതായും ജീവനക്കാർ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ചാലുംമൂട് പൊലീസ് ഇവരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.