ചേർത്തല: പള്ളിപ്പുറം തിരുനെല്ലൂർ സഹകരണ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചുവർഷം നടന്ന വായ്പാ വിതരണം പരിശോധിക്കാൻ ബോർഡ് തീരുമാനം. തിരിച്ചടവ് നടത്താത്ത വായ്പകളാണ് പ്രധാനമായും പരിശോധിക്കുക. ബാങ്ക് സെക്രട്ടറിയും സി.പി.എം ചേർത്തല ഏരിയാ സെന്റർ മുൻ അംഗവുമായ പി.എസ്.ശ്രീകുമാർ ഒരു വസ്തുവിന്റെ ഈടിൻമേൽ അഞ്ച് വായ്പകളിലായി 25 ലക്ഷം രൂപ അനുവദിച്ചത് നിയമ വിധേയമായല്ലെന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മൂല്യം 9.22 ലക്ഷം മാത്രമെന്ന് ബോർഡ് അംഗം റിപ്പോർട്ട് നൽകിയ വസ്തുവിനാണ് മൂന്നിരട്ടിയോളം തുക വായ്പ അനുവദിച്ചത്. 2017 നവംബർ 20ന് സെക്രട്ടറി പി.എസ്.ശ്രീകുമാറിന്റെ ഭാര്യയുടെ പേരിലുള്ള 27 സെന്റ് നിലം ബോർഡ് അംഗമായിരുന്ന ദിലീപ്കുമാറിന്റെ ഭാര്യ എം.ലിജി, പാർട്ടി പ്രവർത്തക ആനന്ദവല്ലി എന്നിവരുടെ പേരിൽ തീറാധാരം നൽകിയ ശേഷം ആ ആധാരമാണ് വായ്പയ്ക്ക് ഈടായി നൽകിയത്. എന്നാൽ ഇതിന് ഒരാഴ്ച മുമ്പ് (നവംബർ 14 ) കൂടിയ ബോർഡ് യോഗത്തിലെ മിനിട്ട്സിൽ 20ന് നടന്ന ആധാരത്തിന്റെ നമ്പർ രേഖപ്പെടുത്തിയത് അന്വേഷണം നടത്തിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. ആധാരം നടക്കുന്നതിന് മുന്നേ ആധാരത്തിന്റെ നമ്പർ രേഖകളിൽ കടന്നുകൂടിയത് തട്ടിപ്പ് സ്ഥിരീകരിക്കുന്നതിന് സഹായകമായി. സെക്രട്ടറിയാണ് മിനിട്ട്സ് എഴുതിയത്. ആധാരം നമ്പർ കിട്ടിയ ശേഷം മിനിട്ട്സിൽ കൂട്ടിച്ചേർക്കുകയായിരുന്നു എന്നാണ് നിഗമനം.
14ന് കൂടിയ യോഗത്തിൽ 22 ലക്ഷം അനുവദിക്കാനായിരുന്നു തീരുമാനം. എന്നാൽ ബോർഡ് തീരുമാനം കാറ്റിൽ പറത്തി 25 ലക്ഷം രൂപ അഞ്ച് അപേക്ഷകർക്കായി നൽകുകയും ചെയ്തു. ഒരു രൂപ പോലും വായ്പക്കാരായ അഞ്ചുപേർക്കും ലഭിച്ചില്ല. ബാങ്കിലെ നിയമനത്തിൽ നടത്തിയ തട്ടിപ്പിനെ കുറിച്ചും പുതിയ ഭരണസമിതി പരിശോധിക്കുന്നുണ്ട്.
വി.ആർ.എസ് അപേക്ഷയിലും ദുരൂഹത
ഒന്നര വർഷത്തിലധികം സർവീസ് അവശേഷിക്കുന്ന സമയത്താണ് ബാങ്ക് സെക്രട്ടറി പി.എസ്.ശ്രീകുമാർ സ്വയം പിരിയലിന് അപേക്ഷ നൽകുന്നത്. 2018 ഡിസംബർ 31 തീയതി വച്ചുകൊണ്ട് നൽകിയ അപേക്ഷ സഹകരണ വകുപ്പ് അംഗീകരിച്ചിട്ടില്ല. പുതിയ ഭരണ സമിതി വരുന്നതിന് മുമ്പ് പിരിഞ്ഞു പോവുകയായിരുന്നു ലക്ഷ്യം. 2019 ജനുവരി 6നാണ് പുതിയ ഭരണ സമിതി നിലവിൽ വന്നത്. ജനുവരി 4ന് ബാങ്ക് അക്കൗണ്ടിൽ നിന്ന് പിരിച്ചുവിടൽ ആനൂകൂല്യമായി 17.80 ലക്ഷം രൂപ ശ്രീകുമാർ കൈപ്പറ്റിയതായും ബാങ്ക് രേഖകളിൽ വ്യക്തമാണ്. ഒരാൾ സർവീസിൽ നിന്ന് വിരമിച്ചാൽ ഇവരുടെ എൽ.ഐ.സിയിൽ നിക്ഷേപിച്ചിരിക്കുന്ന ഗ്രാറ്റുവിറ്റി തുക പിൻവലിക്കാൻ രണ്ട് മാസത്തിലധികം കാലതാമസം എടുക്കുമെന്നാണ് സഹകരണ ജീവനക്കാർ പറയുന്നത്. എന്നാൽ തിരുനെല്ലൂർ സഹകരണ ബാങ്കിൽ നാല് ദിവസം മാത്രമാണ് പണം നൽകുന്നതിന് വേണ്ടിവന്നത്. ഈ തുക ബാങ്കിലെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതുമൂലം അഞ്ച് മാസത്തെ പലിശയിനത്തിൽ 1.75 ലക്ഷത്തോളം രൂപ ബാങ്കിന് നഷ്ടമുണ്ടായി.
നിയമ നടപടികളുമായി സി.പി.എം
ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമ നടപടികളുമായി മുന്നോട്ട് പോകാൻ സി.പി.എം പള്ളിപ്പുറം തെക്ക് ലോക്കൽ കമ്മിറ്റി, ബാങ്ക് ഭരണ സമിതിക്ക് നിർദ്ദേശം നൽകി. ഒരു കാരണവശാലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് പാർട്ടി ജില്ലാ നേതൃത്വവും. ബാങ്കിലെ അംഗം നൽകിയ പരാതിയെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.