graveyard

ശവക്കല്ലറയിൽ കിടന്ന് സുഖമായി ഉറങ്ങിയാലോ..? കേൾക്കുമ്പോൾതന്നെ പേടി തോന്നുന്നുവല്ലേ.. എങ്കിൽ കേട്ടോളൂ.. ഒരു പേടിയും കൂടാതെ ശവക്കല്ലറ പട്ടുമെത്തയാക്കിയ ഒരു കൂട്ടം പേരുണ്ട് അങ്ങ് ഇറാനിലെ ടെഹ്‌റാനിൽ. വെറും കൗതുകംകൊണ്ടോ, പേടിയില്ലാഞ്ഞിട്ടോ അല്ല അവർ ശവക്കല്ലറയിൽ അഭയം പ്രാപിക്കുന്നത്. അതിനൊരു കാരണമുണ്ട്. അതിജീവനത്തിന്റെ അംശവുമുണ്ടതിൽ. ടെഹ്‌റാനിൽ ശൈത്യകാലത്തെ കൊടുംതണുപ്പിനെ അതിജീവിക്കാൻ വീടില്ലാത്തവർക്ക് ഇതല്ലാതെ മറ്റു വഴിയില്ല. ഭവനരഹിതരായ 50ഓളം പേരാണ് ശവക്കല്ലറകൾ തുറന്ന് രാത്രികാലങ്ങളിൽ അന്തിയുറങ്ങുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൂട്ടത്തിലുണ്ട്. പത്തുവർഷത്തിലധികമായി ഇവരിൽ ചിലർ ശൈത്യകാലത്ത് അന്തിയുറങ്ങാൻ ശവക്കല്ലറകളിലെത്തുന്നു. സയ്യിദ് ഗൊലാം ഹൊസൈനി എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളിലൂടെയാണ് ഈ ഭവനരഹിതരുടെ ദുരിതപൂർണമായ അവസ്ഥ പുറംലോകം അറിഞ്ഞത്. എന്നാൽ, വീടില്ലാതെ ശ്മശാനത്തിൽ കഴിയുന്നവരെല്ലാം മയക്കുമരുന്നിന് അടിമകളാണെന്നാണ് സർക്കാരിന്റെ വാദം. അതേസമയം, നാട്ടുകാർ ഇത് തള്ളിക്കളയുന്നു. ഇറാനിയൻ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം തലസ്ഥാന നഗരിയായ ടെഹ്‌റാനിൽ മാത്രം 5,000 സ്ത്രീകൾ ഉൾപ്പെടെ 15,000 വീടില്ലാത്ത ആളുകൾ താമസിക്കുന്നുണ്ട്. എന്നാൽ, യഥാർത്ഥ സംഖ്യ ഇതിന്റെ ഇരട്ടിയാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. എന്തായാലും മറ്റ് മാർഗമൊന്നുമില്ലാത്തവരാണ് തലചായ്ക്കാൻ ശവക്കല്ലറയിൽ അഭയം പ്രാപിക്കുന്നത്.

graveyard
ശവക്കല്ലറയിൽ കിടക്കാൻ ഒരുങ്ങുന്ന വൃദ്ധൻ.