കൊല്ലം: ചുങ്കം വെട്ടിച്ച് ഇറക്കുമതി ചെയ്‌ത ആഫ്രിക്കൻ കശുഅണ്ടി പരിപ്പ് അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിക്കാൻ വളഞ്ഞ വഴികളുമായി ഗുജറാത്ത് ലോബി. പരിപ്പിന്റെ ആഭ്യന്തര മാർക്കറ്രിലെ കുത്തക കൈയാളുന്ന കൊല്ലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗുജറാത്ത് ലോബിയാണ് ബിനാമി പേരിൽ കേരളത്തിലേക്ക് കൂടുതൽ പരിപ്പ് ഇറക്കുമതി ചെയ്‌തിരിക്കുന്നത്.
കല്ലുംതാഴം ആസ്ഥാനമാക്കി പരിപ്പിന്റെ കമ്മിഷൻ ഏജന്റായി പ്രവർത്തിക്കുന്ന ആളുടെ പേരിൽ മാത്രം 17 കണ്ടെയ്‌നർ പരിപ്പാണ് ആഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്‌തത്. അതിനാൽ കേരളത്തിൽ സംസ്‌കരിക്കുന്ന പരിപ്പിന്റെ മാർക്കറ്റ് വില നാലിലൊന്നായി ഇടിഞ്ഞതിനെ തുടർന്ന് ഇടത്തരം വ്യവസായികൾ പ്രക്ഷോഭം സംഘടിപ്പിച്ചതിനിടയിലാണ് ബിനാമിയായി പ്രവർത്തിച്ച വ്യവസായി പ്രക്ഷോഭകരോട് കാര്യങ്ങൾ തുറന്നുപറഞ്ഞ‍് കള്ളക്കളി പുറത്തുവിട്ടത്. ട്രേഡിംഗ് രംഗത്ത്, തന്നെ ബഹിഷ്‌കരിക്കാൻ പ്രക്ഷോഭകർ ആഹ്വാനം ചെയ്‌തതോടെയാണ് ഇദ്ദേഹം 'മാപ്പുസാക്ഷി'യായത്.
കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് അയച്ച പരിപ്പ് ഗുണനിലവാരമില്ലെന്ന് കാട്ടി അവിടെ നിരസിച്ചതായി കൃത്രിമ രേഖ ചമച്ചായിരുന്നു തട്ടിപ്പ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്‌ത പരിപ്പ് മുംബയിലെ ഗോഡൗണിൽ സൂക്ഷിച്ചാണ് നിരസിച്ച പരിപ്പെന്ന വ്യാജേന തിരിച്ച് കേരളത്തിലെത്തിയത്. കേരളത്തിൽ നിന്ന് ബില്ലിട്ട് നികുതിയൊടുക്കി പോയ അത്രയും പരിപ്പാണ് ഈ പഴുതിലൂടെ തിരികെയെത്തുന്നത്. തുടർന്ന് ഇത് വീണ്ടും കേരളത്തിലെ പരിപ്പാണെന്ന വ്യാജേന ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നു എന്നും വിവരമുണ്ട്.
വിദേശ പരിപ്പ് 45 ശതമാനം ചുങ്കം ഒടുക്കി മാത്രമേ ഇറക്കുമതി ചെയ്യാൻ നിയമമുള്ളു. ഇത് മറികടക്കാൻ റോസ്‌റ്റ് ചെയ്‌ത പരിപ്പാണ് ഇറക്കുമതി ചെയ്യുന്നതെന്ന കൃത്രിമ രേഖയുണ്ടാക്കും. എന്നാൽ റോസ്റ്റഡ് പരിപ്പിന്റെ പേരിൽ പ്ലെയിൻ പരിപ്പാണ് ഇറക്കുമതി ചെയ്യുന്നത്. റോസ്‌റ്റഡ് പരിപ്പിന് ഇറക്കുമതി ചുങ്കമില്ല. കാരണം റോസ്‌റ്റിംഗിലൂടെ പരിപ്പിന്റെ ഗണത്തിൽപ്പെടാതെ മറ്ര് ഭക്ഷ്യ വസ്‌തുക്കളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്. ഇതിന് ചില കസ്‌റ്റംസ് ജീവനക്കാരുടെ ഒത്താശയുണ്ടെന്നും ആക്ഷേപമുണ്ട്.
കശുഅണ്ടി കയറ്റുമതി പ്രോത്സാഹന കൗൺസിൽ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇവിടെ എത്തിയ കണ്ടെയ്‌നറുകളിൽ നിന്ന് ഇതിനകം കസ്‌റ്റംസും ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്നത് റോസ്‌റ്റഡ് പരിപ്പാണോയെന്നാണ് പ്രധാനമായും പരിശോധിക്കുക. അല്ലാത്ത പക്ഷം 45 ശതമാനം ഇറക്കുമതി ചുങ്കത്തിനും പിഴയ്‌ക്കും പുറമെ കള്ളക്കടത്തിന് നിയമ നടപടികൾക്കും വിധേയമാക്കും. ബില്ലിൽ നിഷ്‌കർഷിച്ചിരിക്കുന്നതിന് വിരുദ്ധമായ പരിപ്പാണ് ഇറക്കുമതി ചെയ്‌തിരിക്കുന്നതെങ്കിൽ ഇറക്കുമതിക്കാർ കള്ളക്കടത്ത് കേസിൽ പ്രതിയാകും.
കണ്ണടച്ച് ഭക്ഷ്യസുരക്ഷാ വകുപ്പും
റോസ്‌റ്റഡ് പരിപ്പിന് നികുതിയില്ലെങ്കിൽ നാമമാത്ര നികുതിയാണ് കാലിത്തീറ്റ ഗണത്തിൽ വരുന്ന മറ്റ് ഇനങ്ങൾക്കുള്ളത്. കാലിത്തീറ്റ ഗണത്തിലെ പരിപ്പ് രാസപ്രക്രിയയിലൂടെ ഭക്ഷ്യയോഗ്യമായ പരിപ്പാക്കി മാറ്റുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പും കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ ഭക്ഷ്യയോഗ്യമാണോയെന്ന് പരിശോധിക്കാൻ തുറമുഖത്ത് പ്രവർത്തിക്കുന്ന പ്ളാന്റ് ക്വറൈന്റൽ വിഭാഗവും കാര്യമായി പരിശോധിക്കാത്തത് ഇത്തരക്കാർക്ക് തുണയാവുന്നു.