photo
വള്ളിക്കാവി ഗുരു ക്ഷേത്രത്തിന് സമീപത്തെ മാലിന്യങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ

കരുനാഗപ്പള്ളി: വള്ളിക്കാവ് ജംഗ്ഷന് തെക്കുവശത്ത് അറവ്- ഹോട്ടൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ ജനരോഷം ശക്തമാകുന്നു. വള്ളിക്കാവ് ശ്രീനാരായണ ഗുരുക്ഷേത്രത്തിന് കിഴക്കുവശമുള്ള തണ്ണീർത്തടത്തിലാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മാലിന്യനിക്ഷേപം തുടരുന്നത്. പ്രധാന റോഡിനോട് ചേർന്നുള്ള ഗുരുക്ഷേത്രത്തിൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും പൂജാകർമ്മങ്ങൾ ഉള്ളതാണ്. നിരിവധി ഭക്തർ ഇവിടേക്ക് ദിവസവും എത്താറുമുണ്ട്.

ക്ഷേത്രത്തിന് തൊട്ടടുത്താണ് അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ നിക്ഷേപിച്ചിരിക്കുന്നത്.

ഇതിൽ നിന്നുയരുന്ന ദുർഗന്ധം കാരണം വഴിനടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ചാക്കുകണക്കിന് മാലിന്യമാണ് രാത്രിയുടെ മറവിൽ വാഹനങ്ങളിലെത്തുന്നവർ‌ വലിച്ചെറിഞ്ഞിട്ട് കടക്കുന്നത്. രാത്രി 9 മണിയോടെ വള്ളിക്കാവ് മാർക്കറ്റ് നിശ്ചലമാകും. ഇത് മറയാക്കിയാണ് പലരും എത്തുന്നത്. മാലിന്യത്തിൽ നിന്നുള്ള ആഹാരത്തിനായി തെരുവുനായ്ക്കളും തമ്പടിക്കുന്നുണ്ട്. മഴക്കാലം കൂടിയാകുന്നതോടെ അവസ്ഥ കൂടുതൽ ഗുരുതരമാകും. പകർച്ചവ്യാധികൾ പടർന്നുപിടിക്കുമോ എന്നുള്ള ആശങ്കയിലാണ് ജനങ്ങൾ. മഴപെയ്താൽ മാലിന്യം കലർന്ന ജലം ഒഴുകിപ്പോകാൻ മാർഗമില്ലാതെ ഇവിടെത്തന്നെ കെട്ടി നിൽക്കുന്ന അവസ്ഥയാണ്.

മാലിന്യനിക്ഷേപം രൂക്ഷമായതോടെ ഒരുവർഷം മുമ്പ് യുവാക്കൾ സംഘടിച്ച് പ്രതിഷേധവുമായി എത്തിയിരുന്നു. കൂടാതെ രാത്രിയിൽ യുവാക്കൾ വള്ളിക്കാവ് ജംഗ്ഷനിലും തണ്ണീർത്തടത്തിന് സമീപവും ക്യാമ്പ് ചെയ്തു തുടങ്ങി. ഇതോടെ ഇവിടുത്തെ മാലിന്യ നിക്ഷേപത്തിന് അറുതിയായി. പിന്നീട് ഈ കാവൽ ഇല്ലാതായതോടെയാണ് മാലിന്യനിക്ഷേപം വീണ്ടും ആരംഭിച്ചത്. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് മാലിന്യം നിക്ഷേപകരെ കണ്ടത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.