പുനലൂർ: അലിമുക്ക് - അച്ചൻകോവിൽ വനപാതയിൽ താത്ക്കാലികമായി നിറുത്തി വെച്ച നിർമ്മാണ പ്രവർത്തനം ഉടൻ പുനരാരംഭിക്കും. സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജു, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഒരാഴ്ച മുമ്പ് നിറുത്തി വച്ച നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നടപടിയായത്. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വനപാതയുടെ പുനരുദ്ധാരണ ജോലികൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താണ് ചെയ്ത് വന്നിരുന്നത്. നിർമ്മാണത്തിലെ അപാകതയും വനംവകുപ്പിൽ നിന്ന് ഏറ്റെടുത്ത റോഡിന്റെ പണികൾ ചെയ്യുന്നതിന്റെ രേഖാ മൂലമുള്ള അറിയിപ്പ് ലഭിക്കാത്തതും കണക്കിലെടുത്താണ് നിർമ്മാണ പ്രവർത്തനം നിറുത്തി വച്ചത്. ഇതിനെ തുടർന്നാണ് മന്ത്രി കെ. രാജു ഇടപെട്ട് നിർമ്മാണ ജോലികൾ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിച്ചത്.
ശക്തമായ പ്രതിഷേധം
കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് നിർമ്മാണം പൂർത്തിയാക്കാനാവശ്യമായ നടപടികളുമായി കരാറുകാർ മുന്നോട്ട് പോകുന്നതിനിടെയാണ് പണികൾ നിറുത്തി വയ്പ്പിച്ചത്. ഇതിനെതിരെ മലയോരവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. റോഡിൻെറ നിറുത്തി വച്ച നിർമ്മാണ ജോലികൾ പുനരാരംഭിക്കാൻ വൈകിയാൽ മുള്ളുമല, ചെമ്പനരുവി, കടമ്പുപാറ, കോട്ടക്കയം, അച്ചൻകോവിൽ അടക്കമുള്ള നിരവധി പ്രദേശങ്ങളിലെ താമസക്കാരുടെ ഗതാഗത സംവിധാനം നിലയ്ക്കും. ഇത് വഴിയുളള ഗതാഗതം മുടങ്ങിയാൽ അച്ചൻകോവിലിലെ താമസക്കാർ ചെങ്കോട്ട വഴി 82 കിലോമീറ്റർ സഞ്ചരിച്ചു വേണം പുനലൂരിലെത്താൻ.
നബാർഡിൽ നിന്ന് 13.15 കോടി
15 വർഷമായി തകർന്ന് കിടന്ന വനപാത ഗതാഗത യോഗ്യമാക്കണമെന്ന അച്ചൻകോവിൽ അടക്കമുള്ള സ്ഥലങ്ങളിലെ ജനങ്ങളുടെ നീണ്ട നാളത്തെ ആവശ്യത്തെ തുടർന്നാണ് സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജു മുൻകൈയെടുത്ത് നബാർഡിൽ നിന്ന് 13.15 കോടി രൂപ അനുവദിപ്പിച്ചത്. ഇപ്പോൾ നിസാര കാര്യങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ തന്നെ നിർമ്മാണ ജോലികൾ നിറുത്തി വയ്പ്പിച്ചത് മലയോര വാസികളോടുള്ള കടുത്ത അവഗണനയാണെന്ന ആരോപണം ശക്തമാണ്.