കൊല്ലം: ജീവിത പ്രയാസങ്ങളോട് പൊരുതി പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച നെട്ടയം സ്വദേശി ശ്രുതിക്ക് അഭിനന്ദനവുമായി മന്ത്രി അഡ്വ. കെ. രാജുവെത്തി. ശ്രുതിയുടെ വീട് സന്ദർശിച്ച മന്ത്രി അഭിനന്ദനം അറിയിച്ചതോടൊപ്പം പുരസ്കാരവും സമ്മാനിച്ചു.
നെട്ടയം ശില്പാ മന്ദിരത്തിൽ ലെവൻ ലതാ ദമ്പതികളുടെ മകളായ ശ്രുതി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും 1200 ൽ 1168 മാർക്കും നേടി മികച്ച വിജയമാണ് കൈവരിച്ചത്. അഞ്ചൽ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ശ്രുതി പഠനം പൂർത്തീകരിച്ചത്. മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും ശ്രുതി നേടിയ മികച്ച വിജയത്തിന് തിളക്കമേറെയാണമെന്നും തുടർപഠനത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ഉറപ്പ് നൽകിയാണ് മന്ത്രി മടങ്ങിയത്.