കൊട്ടാരക്കര: തൃക്കണ്ണമംഗൽ -ചേരൂർ റോഡിരികിലെ കേബിൾ കുഴികൾ വാഹനയാത്രികർക്ക് വാരിക്കുഴിയാകുന്നു. സ്വകാര്യ കേബിൾ കമ്പനികളും ബി.എസ്.എൻ.എല്ലും കേബിളുകൾ സ്ഥാപിക്കാനെടുത്ത കുഴികളാണ് അപകട ഭീഷണി ഉയർത്തുന്നത്. പല സ്ഥലത്തും കരാറുകാരാണ് ഈ പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്. കേബിൾ സ്ഥാപിച്ചശേഷം കുഴികൾ മണ്ണിട്ടുമൂടി ഉറപ്പിക്കാൻ പലയിടത്തും ഇവർ തയാറായിട്ടില്ല. ഇതാണ് ഇരുചക്രവാഹനങ്ങളെയും കാൽനടയാത്രികരെയും ഒരുപോലെ ഭീഷണിയാകുന്നത്.
പലയിടത്തും റോഡും വശങ്ങളും തമ്മിൽ ഏറെ ഉയരവ്യത്യാസമുണ്ട്. ഇതിനോടൊപ്പം മഴവെള്ളത്തിന്റെ കുത്തൊഴുക്കുകൂടിയാകുമ്പോൾ അവസ്ഥ വീണ്ടും സങ്കീർണമാകും. ഇതിനോടൊപ്പമാണ് കേബിൾ കുഴികളും സ്ഥിതിചെയ്യുന്നത്. കേബിൾ കുഴികളിൽ മൂന്നടി താഴ്ചയിൽ പച്ചമണ്ണിട്ട് മൂടിയാണ് പണി അവസാനിപ്പിക്കുന്നത്. മഴ ആരംഭിക്കുന്നതോടെ ഈ പച്ചമണ്ണ് മഴവെള്ളത്തിൽ ഒഴുകി അവിടെ തടങ്ങളും കുഴികളും രൂപപ്പെടുന്നു. റോഡരികിലുള്ള ഗർത്തങ്ങളിൽ വീണ് ഇരുചക്രവാഹനങ്ങൾ മറിയുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും ഇവിടെ പതിവാണ്. വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാഹനാപകടങ്ങൾക്കു കാരണമാകുന്ന ചേരൂർ റോഡിലെ കേബിൾ കുഴികളും തടങ്ങളും മൂടുകയും റോഡ് തകർച്ച ഉണ്ടാകാതിരിക്കാൻ ശാശ്വത പരിഹാരം ഉണ്ടാകുകയും വേണം.
സജി ചേരൂർ, ജനകീയവേദി പ്രവർത്തകൻ