iso
ഐ.എസ്.ഒയുടെ അംഗീകൃത ഏജൻസിയായ ബിസിനസ് പ്രോഗ്രസ് സർവ്വീസ് മാനേജിംഗ് ഡയറക്ടർ വിനോദ് കെ. ജയിൻ മേയർ വി. രാജേന്ദ്രബാബുവിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കൈമാറുന്നു

കൊല്ലം: കൊല്ലം കോർപ്പറേഷന് ഐ.എസ്.ഒ 9001- 2015 (ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ) അംഗീകാരം. കൊച്ചി കോർപ്പറേഷന് ശേഷം ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ കോർപ്പറേഷനാണ് കൊല്ലം.

കേരള മുനിസിപ്പാലിറ്റി നിയമം, വിവരാവകാശ നിയമം, സേവനാവകാശ നിയമം മുതലായവ പ്രകാരമുള്ള സേവനങ്ങൾ ജനങ്ങൾക്ക് കൃത്യസമയത്ത് ലഭ്യമാക്കുന്നതും നഗരസഭാ ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങളും പരിഗണിച്ചാണ് അവാർഡ്. മൂന്ന് വർഷത്തേക്കാണ് സർട്ടിഫിക്കറ്റ്. ഓരോവർഷവും പരിശോധന ഉണ്ടാകും. ഐ.എസ്.ഒയുടെ ഇന്ത്യയിലെ ഘടക സ്ഥാപനമായ വെക്സിൽ ബി.പി.എസ് ആണ് സാക്ഷ്യപത്രം നൽകിയിരിക്കുന്നത്.

ഐ.എസ്.ഒയുടെ അംഗീകൃത ഏജൻസിയായ ബിസിനസ് പ്രോഗ്രസ് സർവീസ് മാനേജിംഗ് ഡയറക്ടർ വിനോദ് കെ. ജയിൻ നേരിട്ടെത്തി മേയർ വി. രാജേന്ദ്രബാബുവിന് സാക്ഷ്യപത്രം കൈമാറി. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ എം.എ. സത്താർ, കോർപ്പറേഷൻ സെക്രട്ടറി വി.ആർ. രാജു, കൗൺസിലർമാരായ സോണിഷ, റീന സെബാസ്റ്റ്യൻ, എം.എസ്. ഗോപകുമാർ, ബി. അനിൽകുമാർ, പ്രേം ഉഷാർ, ബി. അജിത്ത്കുമാർ, മീനുലാൽ, റവന്യു ഓഫീസർ ജി. മുരളി, സൂപ്രണ്ടുമാരായ കെ. കൃഷ്ണകുമാർ, എസ്. ശിവകുമാർ, അസി. എൻജിനിയർ എം. ഷാനവാസ് ഖാൻ, സന്ദീപ് കുമാർ, ജാസ്മിൻ ഐ.കെ.എം ടെക്‌നിക്കൽ ഓഫീസർ പ്രിബു, ഐ.ടി ഓഫീസർ ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.