കരുനാഗപ്പള്ളി: ജില്ലാ ലൈബ്രറി കൗൺസിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന നാടക കളരിക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി നാടക ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി. സുകേശൻ, നാടക പ്രവർത്തകൻ രാജേഷ് ശർമ്മ, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള, സംസ്ഥാന കൗൺസിൽ അംഗം ആർ.കെ. ദീപ, താലൂക്ക് കൗൺസിൽ പ്രസിഡന്റ് പി .ബി. ശിവൻ, വി.പി. ജയപ്രകാശ് മേനോൻ തുടങ്ങിയവർ സംസാരിച്ചു.
നാടക പ്രവർത്തകരായ പി.ജെ. ഉണ്ണികൃഷ്ണൻ, രാജഷ് ശർമ്മ, റിജു ശിവദാസ്, അഹമ്മദ് മുസ്ലീം, കലാമണ്ഡലം അക്ഷയ എന്നിവർ ഫാക്കൽറ്റികളായി പങ്കെടുക്കുന്ന ക്യാമ്പ് 21 ന് സമാപിക്കുമെന്നു് താലൂക്ക് കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ അറിയിച്ചു. 21 ന് നടക്കുന്ന പഴയകാല നാടക പ്രവർത്തകരും കുട്ടികളും പങ്കെടുക്കുന്ന സംഗമം ഭാരത് ഭവൻ ഡയറക്ടർ പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്യും. കുട്ടികൾ തയ്യാറാക്കുന്ന നാടകത്തിന്റെ അവതരണവും നടക്കും. ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്ന് തിരെഞ്ഞെടുക്കപ്പെടുന്ന കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലും സി.പി. ആശാൻ, മാനവീയം ഗ്രന്ഥശാലകളും ചേർന്നാണ് നാടക കളരി സംഘടിപ്പിക്കുന്നത്.