കുണ്ടറ: കേരള സർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി (കെൽ) യിൽ തീവണ്ടി ബോഗികൾ വൈദ്യുതീകരിക്കുന്ന പവർ കാറുകളും വൈദ്യുത വാഹനങ്ങൾക്കാവശ്യമായ ആധുനിക ബാറ്ററികളും നിർമ്മിക്കാൻ തീരുമാനമായി. കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ് പവർകാറുകളും ഓട്ടോമോട്ടീവ് ബാറ്ററികളും നിർമ്മിക്കുക.
റോഡ് ഗതാഗതത്തിന്റെ ഭാവി വൈദ്യുത വാഹനങ്ങളിലാണെന്ന് ബോധ്യമായതോടെയാണ് കെൽ ഫാക്ടറി ഓട്ടോമോട്ടീവ് ബാറ്ററികളുടെ നിർമ്മാണ രംഗത്തേക്ക് കടക്കുന്നത്. ഇതിനുള്ള പ്രാരംഭ ചർച്ചകൾ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ നേതൃത്വത്തിൽ കുണ്ടറ കെല്ലിൽ നടന്നു. ചർച്ചയിൽ കെൽട്രോൺ ചെയർമാൻ നാരായണമൂർത്തി, കെൽ ചെയർമാൻ വർക്കല രവികുമാർ, എം.ഡി. ഷാജി വർഗീസ്, ജനറൽ മാനേജർ സുനിൽകുമാർ, ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
1946ൽ ചീനച്ചട്ടിയും പമ്പുകളും നിർമ്മിച്ച് കൊണ്ട് പ്രവർത്തനമാരംഭിച്ച കെൽ ഫാക്ടറി കാലത്തിനൊത്ത് മാറുകയാണ്. പുതിയ പ്ലാന്റുകൾ പ്രവർത്തിച്ച് തുടങ്ങുന്നതോടെ കൂടുതൽ തൊഴിലവസരങ്ങളും കെല്ലിന് നൽകാനാവുമെന്നാണ് പ്രതീക്ഷ.
ബ്രഷ്ലെസ് ഓർട്ടർനേറ്ററുകളിൽ നിന്ന് പവർ കാറിലേക്ക്
തീവണ്ടിയുടെ ബോഗികളിൽ ഫാനുകളും ലൈറ്റുകളും പ്രവർത്തിപ്പിക്കുന്നതിനായി ബ്രഷ്ലെസ് ഓൾട്ടർനേറ്ററുകളാണ് കെല്ലിൽ നിർമ്മിച്ചിരുന്നത്. ഇന്ത്യൻ റെയിൽവേയ്ക്ക് ആവശ്യമായ ഓൾട്ടർനേറ്ററുകൾ മുഴുവൻ നിർമ്മിച്ച് നൽകിയിരുന്നത് കെൽ ഫാക്ടറിയായിരുന്നു.
ഓരോ ബോഗിയും വൈദ്യുതീകരിച്ചിരുന്ന ബ്രഷ്ലെസ് ഓൾട്ടർനേറ്ററുകൾ ഇനി പഴങ്കഥയാകും. പുതിയ ബോഗികളിൽ ഓൾട്ടർനേറ്ററുകൾക്ക് പകരം പവർകാർ വൈദ്യുതി ഉത്പാദിപ്പിച്ച് നൽകും. ഒരു തീവണ്ടിക്ക് സ്പെയർ അടക്കം രണ്ട് പവർകാറുകളാണ് വേണ്ടത്. ഒരു പവർ കാറിന് 1.1 കോടി രൂപയാണ് വില.