photo
ഇളമ്പള്ളൂർ ബസ് സ്റ്റാന്റിന് മുന്നിലെ അപകടഭീഷണി ഉണർത്തുന്ന കലുങ്ക്

കൊല്ലം: കുണ്ടറയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിൽ അശാസ്ത്രീയമായി സ്ഥാപിച്ച കലുങ്ക് അപകട ഭീഷണിയുയർത്തിയിട്ടും പുനർനിർമ്മിക്കാൻ നടപടിയാകുന്നില്ല. റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന കലുങ്കിന്റെ ഭിത്തി വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടാകുകയാണ്.

ഇളമ്പള്ളൂർ പുന്നമുക്ക് റോഡിൽ ബസ് സ്റ്റാൻഡിന് മുന്നിലെ വളവിലാണ് ഈ അപകട കലുങ്ക് സ്ഥിതി ചെയ്യുന്നത്. തീർത്തും അശാസ്ത്രീയമായി റോഡിന്റെ അരികിൽ നിന്ന് തുടങ്ങി ടാറിംഗിൽ മുട്ടി നിൽക്കുന്ന വിധത്തിലാണ് കലുങ്ക് ഭിത്തി നിർമ്മിച്ചിരിക്കുന്നത്. ഇളമ്പള്ളൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇറക്കം ഇറങ്ങി വരുമ്പോൾ റോഡിലേക്കിറങ്ങി നിൽക്കുന്ന കലുങ്കിൽ തട്ടുമെന്ന സ്ഥിതിയാണ്.

രാത്രികാലങ്ങളിലാണ് ഇവിടെ അപകടങ്ങൾ കൂടുതലുണ്ടാകുന്നത്. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച 2.87 കോടി രൂപ മുടക്കി റോഡ് പുനർനിർമ്മിക്കുന്നതിന്റെ കൂട്ടത്തിലാണ് ഇവിടെയുണ്ടായിരുന്ന കലുങ്ക് പൊളിച്ച് പുതിയത് നിർമ്മിച്ചത്. കലുങ്കിന്റെ കൽക്കെട്ട് റോഡിലേക്ക് ഇറക്കി നിർമ്മിച്ചതെന്തിനെന്ന ചോദ്യം അന്നുമുതൽ ഉയരുന്നുണ്ട്. ഉദ്യോഗസ്ഥർക്കിടയിലും ഇത് തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു.

നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അശാസ്ത്രീയമായി നിർമ്മിച്ച കലുങ്കിന്റെ ഭിത്തിയെ സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഗൗരവമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല. പട്ടണത്തിലെ തിരക്കിൽപ്പെടാതെ പോകാൻ കഴിയുമെന്നതിനാൽ ഇളമ്പള്ളൂരിൽ നിന്ന് കൊട്ടിയത്തേക്ക് പോകുന്നവർ പ്രധാനമായും ഉപയോഗിക്കുന്നത് ഈ റോഡാണ്. ബസുകളും ലോറികളുമടക്കമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ എതിർ ദിശയിൽ നിന്നും വാഹനമെത്തിയാൽ കലുങ്കിൽ തട്ടാതെ കടന്നുപോകാൻ കഴിയില്ല. ഇവിടെ അപകട സൂചക ബോർഡ് സ്ഥാപിക്കാത്തതും അധികൃതരുടെ ഭാഗത്തുള്ള വീഴ്ചയാണെന്നാണ് നാട്ടുകാർ പറയുന്നത്.

 കലുങ്ക് ഭിത്തി പൊളിച്ച് നീക്കണം (സിന്ധു ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത്)

ഇവിടെ റോഡിൽ ഗതാഗതത്തിന് തീർത്തും തടസമുണ്ടാക്കുന്ന വിധമാണ് കലുങ്ക് നിർമ്മിച്ചിരിക്കുന്നത്. വെള്ളം ഒഴുകിപ്പോകാൻ കലുങ്ക് അനിവാര്യമാണ്. എന്നാൽ റോഡിന് മുകളിലെ കലുങ്ക് ഭിത്തി നിർമ്മിച്ചപ്പോൾ കുറച്ച് പ്രായോഗിക ബുദ്ധി കാട്ടണമായിരുന്നു. അടിയന്തിരമായി ഇത് പൊളിച്ച് യാത്രാ തടസം ഉണ്ടാകാത്ത വിധം പുനർ നിർമ്മിക്കണം. പുനർ നിർമ്മാണത്തിനായി സർക്കാർ ഫണ്ട് ഉപയോഗിക്കാൻ അനുവദിക്കരുത്. വീഴ്ചയുണ്ടാക്കിയ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട കരാറുകാരനും ചേർന്ന് ഇതിനുള്ള പരിഹാര മാർഗം കണ്ടെത്തണം.