al
കുടിവെള്ളം കിട്ടാക്കനി

പുത്തൂർ : തേവലപ്പുറം ചുടലക്കുന്നിൻപുറത്ത് കുടിവെള്ളം കിട്ടാക്കനിയാകുന്നു. ഉയർന്ന പ്രദേശമായ ഇവിടെ മിക്ക വീടുകളിലും കിണറുകൾ വറ്റിവരണ്ട് കഴിഞ്ഞു. നാളുകളായി പ്രദേശത്തുള്ളവർ താഴ്ന്ന സ്ഥലങ്ങളിൽ നിന്ന് തലച്ചുമടായാണ് കുടിവെള്ളം വീട്ടാവശ്യത്തിനായെത്തിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ നടപ്പാക്കിയ കുടിവെള്ള പദ്ധതി നിലവിൽ പ്രവർത്തനരഹിതമാണ്. കുഴൽക്കിണറും കുന്നിൻമുകളിൽ വലിയ ജലസംഭരണിയും സ്ഥാപിച്ചിരുന്നത് ഇപ്പോൾ നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. കുഴൽക്കിണറിൽ സ്ഥാപിച്ചിരുന്ന പമ്പ് കേടായത് നാളിതുവരെയായിട്ടും അധികൃതർ പുന:സ്ഥാപിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കുഴൽക്കിണറിലെ പമ്പ് കേടായത് മാറ്റി സ്ഥാപിച്ചെങ്കിലും അധികകാലം നിലനിന്നില്ല. കിണറിൽ ചെളി നിറഞ്ഞതിനാലാണ് പമ്പ് വേഗത്തിൽ കേടാകുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. തുടർന്ന് ജലവകുപ്പിന്റെ സഹായത്താൽ കുഴൽക്കിണർ ശുചീകരിച്ചു. പുതിയ പമ്പ് സ്ഥാപിക്കുന്നതിനുള്ള പണം അനുവദിച്ചിട്ടുണ്ടെന്നും ഉടൻ കുടിവെള്ള വിതരണ പദ്ധതി ആരംഭിക്കുമെന്നും വാർഡംഗം ആർ. സുരേഷ് കുമാർ പറഞ്ഞു.