പുനലൂർ: ഓട്ടോ റിക്ഷാ ഡ്രൈവർമാർ നൽകിയ പരാതിയെ തുടർന്ന് കൊല്ലത്ത് നിന്നെത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പുനലൂരിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏഴ് ഓട്ടോ റിക്ഷയടക്കം, 50ഓളം വാനങ്ങൾ പിടി കൂടി കേസ് എടുക്കുകയും 30,000 ത്തോളം രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇന്നലെ രാവിലെ 11ന് പുനലൂർ മാർക്കറ്റ്, ചെമ്മന്തൂർ അടക്കമുള്ള ഓട്ടോ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഫിറ്റ്നസ്, ടാക്സ്, എയർഹോൺ, ലൈസൻസ് എന്നിവ ഇല്ലാത്ത 7 ഓട്ടോ റിക്ഷകൾക്ക് പുറമേ അമിതഭാരം കയറ്റിയെത്തിയ ഒരു ലോറിയും പിടിച്ചെടുത്തു. അപകടകരമായി വാഹനം ഓടിച്ച അഞ്ച് ടിപ്പർ ലോറിയുടെ ഡ്രൈവർമാരെയും എയർ ഹോൺ മുഴക്കി വാഹനം ഓടിച്ച ഏഴ് ഡ്രൈവർമാരെയും പിടികൂടി പിഴ ഈടാക്കി. കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഡി. മഹേഷ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു ജോർജ്ജ്, അസി. ഇൻസ്പെക്ടർമാരായ ആർ. ചന്ദു, ഡി.ജി. ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.