photo
പെരിനാട് ബ‌ഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികൾ നീണ്ടകര കൃഷിഭവനിൽ നിന്ന് ലഭിച്ച ഓർഡർ പ്രകാരം നിർമ്മിച്ച പരിസ്ഥിതി സൗഹാർദ്ദ ഗ്രോ ബാഗുകളുടെ വിതരണോദ്ഘാടനം ഡോ. രാജശേഖരൻ നിർവഹിക്കുന്നു. ശ്രീകുമാരി, ബാബുരാജ് എന്നിവർ സമീപം

കുണ്ടറ: പെരിനാട് ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ബ‌ഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികൾ കയർ ഭൂവസ്ത്രത്തിന്റെ തുണ്ടുകളുപയോഗിച്ച് നിർമ്മിച്ച പരിസ്ഥിതി സൗഹാർദ്ദ ഗ്രോ ബാഗുകൾക്ക് ആവശ്യക്കാരേറുന്നു. കഴിഞ്ഞ ലോക ടൂറിസം ദിനത്തിൽ പ്ലാസ്റ്റിക് ഒഴിവാക്കി സെന്ററിൽ ആരംഭിച്ച ഗ്രോ ബാഗ് കൃഷി വിജയം കണ്ടതിനെ തുടർന്നാണ് പരിസ്ഥിതി സൗഹൃദ ഗ്രോ ബാഗുകൾ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാൻ പെരിനാട് പഞ്ചായത്ത് തീരുമാനിച്ചത്.

പെരിനാട് റീഹാബിലിറ്റേഷൻ സെന്ററിന് നീണ്ടകര കൃഷിഭവനിൽ നിന്ന് ലഭിച്ച ഓർഡർ പ്രകാരം നിർമ്മിച്ച 150 ഗ്രോബാഗുകളുടെ വിതരണോദ്ഘാടനം സെന്റർ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഡോ. രാജശേഖരൻ നിർവഹിച്ചു. പെരിനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീകുമാരി അദ്ധ്യക്ഷത വഹിച്ചു. നീണ്ടകര കൃഷിഭവൻ ഫീൽഡ് ഓഫീസർ ഷീല, പി.ടി.എ പ്രസിഡന്റ് മധുകുമാർ, അദ്ധ്യാപിക ഷൈല എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാബുരാജ് സ്വാഗതം പറഞ്ഞു.