annama

കുന്നത്തൂർ: മാർത്തോമ്മാ സഭയുടെ അധീനതയിലുള്ള വസ്തുവിൽ വയോധികയുടെ മൃതദേഹം മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് ദിവസങ്ങൾ കഴിഞ്ഞിട്ടും പരിഹാരമാകുന്നില്ല. നാട്ടിലെ ചിലരുടെ എതിപ്പാണ് കാരണം. കഴിഞ്ഞ 14ന് നിര്യാതയായ കുന്നത്തൂർ തുരുത്തിക്കര കാളിശ്ശേരി മേലേതിൽ വീട്ടിൽ പത്രോസിന്റെ ഭാര്യ അന്നമ്മയുടെ (75) മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുന്നത്തൂർ കൊല്ലാറയിൽ സഭയുടെ അധീനതയിലുള്ള വസ്തുവിൽ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് ഒരു പാർട്ടിയിൽപ്പെട്ടവരുടെ നിലപാട്. സംഭവം പ്രദേശത്ത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മൃതദേഹം സംസ്കരിക്കുന്നത് ജനവാസ മേഖലയിലാണെന്നും ഇത് പ്രദേശത്തെ കിണറുകളും ചേലൂർ കായൽ ഉൾപ്പെടെയുള്ള ജലാശയങ്ങളും മലിനമാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് എതിർക്കുന്നത്.

ജറുസലേം മാർത്തോമ്മാ സഭ ഉൾപ്പെടെ വിവിധ സംഘടനകൾ ചേർന്നാണ് കുന്നത്തൂർ വില്ലേജിലെ കൊല്ലാറയിൽ വർഷങ്ങൾക്കു മുമ്പ് ഭൂമി വാങ്ങിയത്. എന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തുടക്കം മുതൽ തന്നെ എതിർപ്പ് ശക്തമായിരുന്നു. ഇതിനാൽ കഴിഞ്ഞ നാലു വർഷമായി കൊല്ലാറയിൽ മൃതദേഹം സംസ്കരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രശ്നം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

തർക്കം പരിഹരിക്കുന്നതിനു വേണ്ടി ദിവസങ്ങൾക്കു മുമ്പ് കുന്നത്തൂർ പഞ്ചായത്ത് ഓഫീസിൽ നടത്തിയ സർവകക്ഷി യോഗം തീരുമാനമാകാതെ അലസിപ്പിരിഞ്ഞിരുന്നു. കോൺക്രീറ്റ് പാളികൾക്കുള്ളിൽ സംസ്കാരം നടത്തണമെന്ന നിർദ്ദേശമുയർന്നെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല. അതിനിടെ തുരുത്തിക്കര ഇമ്മാനുവൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ അന്നമ്മയുടെ മൃതദേഹം സംസ്കരിക്കണമെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശം സഭയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് നടപ്പാക്കാനായില്ല.

സംഭവം വിവാദമായതോടെ വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാലും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും കഴിഞ്ഞ ദിവസം അന്നമ്മയുടെ വീട്ടിലെത്തി ബന്ധുക്കളുമായി ചർച്ച നടത്തി. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എയും അന്നമ്മയുടെ വീട് സന്ദർശിച്ചു.