photo
കൊട്ടാരക്കര റൂറൽ എസ്.പി ഓഫീസിന് വേണ്ടിയുള്ള കെട്ടിടം നിർമ്മാണം

കൊല്ലം: കൊട്ടാരക്കര റൂറൽ എസ്.പി ഓഫീസിന് ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. ആദ്യ ഘട്ട കോൺക്രീറ്റ് നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. രണ്ടാം നിലയുടെ നിർമ്മാണവും ആദ്യനിലയുടെ ബാക്കി പണികളും തുടങ്ങിയിട്ടുണ്ട്. തൃക്കണ്ണമംഗൽ ഗാന്ധിമുക്കിന് സമീപം മുമ്പ് താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന കോമ്പൗണ്ടിലാണ് എസ്.പി ഓഫീസിന്റെ ആസ്ഥാനം നിർമ്മിക്കുന്നത്. ഈ സ്ഥലം കല്ലട ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. എസ്.പി ഓഫീസിന് കെട്ടിടം നിർമ്മിക്കാനായി സ്ഥലം വിട്ടുനൽകിയതാണ്. കഴിഞ്ഞ ആഗസ്റ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നെങ്കിലും ജോലികൾക്ക് വേഗത കുറവാണ്. 14,466 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ടൗണിൽ നിന്ന് രണ്ട് കിലോമീറ്ററിലധികം ദൂരത്തിലാണ് എസ്.പി ഓഫീസിന് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത്. ആവശ്യത്തിന് സ്ഥലസൗകര്യമുള്ളതിനാൽ എ.ആർ ക്യാമ്പുൾപ്പടെ ഇവിടെ സജ്ജമാക്കും. നിലവിൽ പൊതുമരാമത്ത് വകയായുള്ള റസ്റ്റ് ഹൗസിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് എസ്.പി ഓഫീസ് പ്രവർത്തിക്കുന്നത്.

58 കോടി രൂപയുടെ നിർമ്മാണം

റൂറൽ എസ്.പി ഓഫീസിന് കെട്ടിടം നിർമ്മിക്കാനായി 58 കോടി രൂപയാണ് അടങ്കൽ കണക്കാക്കിയിട്ടുള്ളത്. കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. 18 മാസത്തേക്കാണ് നിർമ്മാണ കാലാവധി നൽകിയിട്ടുള്ളത്. എന്നാൽ നിർമ്മാണം പകുതിപോലും ആയിട്ടില്ല. മഴക്കാലമെത്തിയാൽ വീണ്ടും നിർമ്മാണപ്രവർത്തനം തടസപ്പെടുമെന്ന ആശങ്കയുമുണ്ട്.

നിലവിൽ അസൗകര്യങ്ങൾ ഏറെ

പി.ഡബ്ളിയൂ.ഡി റസ്റ്റ് ഹൗസിനോട് ചേർന്ന സ്ഥലത്താണ് ഇപ്പോൾ എസ്.പി ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെ നിരവധി അസൗകര്യങ്ങളുണ്ട്. റൂറൽ ജില്ലയിലെ 19 സ്റ്റേഷനുകളിൽ നിന്നുമുള്ള കാര്യങ്ങൾ നോക്കുന്നതിനുള്ള ഓഫീസായതിനാൽ ദിവസവും ഉദ്യോഗസ്ഥരും പൊതുജനങ്ങളുമടക്കം നിരവധി പേർ ഇവിടേക്ക് എത്തുന്നുണ്ട്. വിശ്രമിക്കാനുള്ള മുറിപോലും ഇല്ലാത്തതിനാൽ ഇവിടെയെത്തുന്നവർ വരാന്തയിൽ ഇരിക്കേണ്ട അവസ്ഥയാണ്. ഡിവൈ.എസ്.പിമാർക്ക് മതിയായ സൗകര്യങ്ങളില്ല. പൊലീസിന്റെ മറ്റ് വിഭാഗങ്ങളും ഇവിടെ പരിമിത സൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. സ്വന്തമായി ആസ്ഥാനം ആകുന്നതോടെ എല്ലാ അസൗകര്യങ്ങൾക്കും പരിഹാരമാകും.

ഗ്രൗണ്ട് ഫ്ളോർ

റിസപ്ഷൻ, റസ്റ്റ് റൂം, കാഷ് കൗണ്ടർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഓഫീസ്, ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ഓഫീസ്, ശൗചാലയങ്ങൾ

ഒന്നാം നില

എസ്.പിയുടെ ക്യാബിൻ, ഓഫീസ് ലോഞ്ച്, വിശ്രമ മുറികൾ, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പിയുടെ ഓഫീസ്, ഭരണ വിഭാഗം ഡിവൈ.എസ്.പി ഓഫീസ്, നാർകോട്ടിക് സെൽ, സൈബർ സെൽ, വനിതാസെൽ, ശൗചാലയങ്ങൾ

രണ്ടാംനില

ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം, അക്കൗണ്ട്സ് മാനേജർ ഓഫീസ്, മിനിസ്റ്റീരിയൽ വിഭാഗം, കോൺഫറൻസ് ഹാൾ, റിക്കോർഡ്സ് റൂം, ശൗചാലയങ്ങൾ