തൊടിയൂർ: ഉത്തര മലബാറിലെ കാണപ്പെട്ട ദൈവമായ പറശ്ശിനി മുത്തപ്പൻ തെയ്യം അനുഗ്രഹവർഷവുമായി തൊടിയൂരിൽ എത്തി. മുത്തപ്പന്റെ ദർശനത്തിനും അനുഗ്രഹത്തിനുമായി നൂറു കണക്കിന് വിശ്വാസികളാണ് മുഴങ്ങോടി ദ്വാരകയിൽ സി.എസ് ചന്ദ്രന്റ വസതിയിൽ ഒത്തുകൂടിയത്. പയ്യന്നൂർ സ്വദേശിനിയായ സവിതയെയാണ് ചന്ദ്രന്റ മകൻ അജേഷ് വിവാഹം കഴിച്ചിരിക്കുന്നത്. സവിതയുടെ ഒരു നേർച്ചയുടെ ഭാഗമായാണ് ഉത്തര മലബാറിൽ നിന്നും തെയ്യം തൊടിയൂരിൽ എത്തിയത്. ഉദ്ദിഷ്ഠ കാര്യം നിറവേറിയതിന്റെയും ആപത്തുകളിൽ നിന്ന് രക്ഷപ്പെട്ടതിന്റെയും നന്ദി സൂചകമായി മുത്തപ്പൻ തെയ്യം നേർച്ചയായി കെട്ടുന്ന രീതി മലബാറിൽ വ്യാപകമാണ്. ശിവന്റെ രൂപത്തിലാണ് തെയ്യം ഭക്തർക്ക് ദർശനവും അനുഗ്രഹവും നൽകുന്നത്.