ലേലം ചുമതല ഉൾനാടൻ ജലഗതാഗത വകുപ്പിന്
കൊല്ലം: കൊല്ലം തോട്ടിലെ മണൽ ലേലം ചെയ്യാനുള്ള ചുമതലയിൽ നിന്ന് റവന്യു വകുപ്പ് തലയൂരി. കൊല്ലം തോട് നവീകരണത്തിന്റെ നിർവഹണ ഏജൻസിയായ ഉൾനാടൻ ജലഗതാഗത വകുപ്പിന് തന്നെയാണ് ഇനി ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണൽ ലേലം ചെയ്യാനുള്ള ചുമതല.
ദേശീയജലപാത വികസനം വിലയിരുത്താൻ 2018 ജനുവരിയിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് മണൽ ലേലത്തിന്റെ ചുമതല കളക്ടർമാർക്ക് നൽകിയത്. കൊല്ലം തോട്ടിലെ മണൽ സംഭരിക്കാനുള്ള സ്ഥലം കണ്ടെത്താനും ലേല നടപടികൾ സ്വീകരിക്കാനും കളക്ടർ തഹസീൽദാരെ ചുമതലപ്പെടുത്തി. എന്നാൽ ഡ്രഡ്ജ് ചെയ്തെടുത്ത ഒരു തരി മണൽ പോലും ലേലം ചെയ്തു നൽകാൻ ഒരുവർഷത്തിനിടെ തഹസിൽദാർക്ക് കഴിഞ്ഞില്ല. ഒരു തവണ ലേലം നടത്തിയെങ്കിലും ആരും വാങ്ങാൻ തയ്യാറായതുമില്ല.
ഇപ്പോൾ നവീകരണം നടക്കുന്ന ഇരവിപുരം പാലം- കച്ചിക്കടവ് റീച്ചിൽ 6000 ചതുരശ്ര മീറ്റർ മണലാണ് ഡ്രഡ്ജ് ചെയ്ത് മാറ്റേണ്ടത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മണൽ സംഭരിക്കാൻ രണ്ടിടം മാത്രമാണ് റവന്യു വകുപ്പ് കണ്ടെത്തി നൽകിയത്. ഇവിടെയാകെ പതിനായിരം ചതുരശ്രമീറ്റർ സംഭരിക്കാനുള്ള സ്ഥലമേ ഉള്ളു. മണൽ സംഭരിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ തോട് നവീകരണം ആഴ്ചകളായി മുടങ്ങിക്കിടക്കുകയാണ്.
കഴിഞ്ഞയാഴ്ചാണ് മണൽ ലേലം ചെയ്യാനുള്ള ചുമതലയിൽ നിന്ന് തഹസിൽദാരെ മാറ്റി ഉൾനാടൻ ജലഗതാഗത വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറെ ഏൽപ്പിച്ചത്. ഒരാഴ്ച ലഭിച്ചിട്ടും നിലവിൽ സംഭരിച്ചിട്ടുള്ള മണൽ ലേലം ചെയ്യാനുള്ള ഒരു നടപടിയും എടുത്തിട്ടില്ല.
കച്ചിക്കടവ് - ജലകേളി കേന്ദ്രം
റീച്ചിൽ റീ ടെണ്ടർ
കൊല്ലം തോട് വികസനത്തിലെ നാലാം റീച്ചായ കച്ചിക്കടവ് മുതൽ ജലകേളി കേന്ദ്രം വരെയുള്ള ഭാഗത്തെ നവീകരണത്തിന് വീണ്ടും കരാർ ക്ഷണിച്ചു. ഒന്നും നാലും അഞ്ചും റീച്ചുകളിലെ നവീകരണം 2014 ൽ തുടങ്ങിയെങ്കിലും കഴിഞ്ഞ 2018 ഒക്ടോബറിലാണ് നാലാം റീച്ചിന്റെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചത്. നവംബറിൽ ടെണ്ടർ ക്ഷണിച്ചെങ്കിലും മുൻപരിചയം ഉള്ളവരല്ലെന്ന് പറഞ്ഞ് താല്പര്യപത്രം നൽകിയ രണ്ട് കരാറുകാരെയും ഒഴിവാക്കി. ദിവസങ്ങൾക്കുള്ളിൽ വീണ്ടും കരാർ ക്ഷണിക്കാമായിരുന്നെങ്കിലും നാല് മാസത്തിന് ശേഷം ഇപ്പോഴാണ് റീ ടെണ്ടർ ചെയ്തത്. 1.71 കിലോ മീറ്റർ ദൂരം ഡ്രഡ്ജ് ചെയ്ത് പാർശ്വഭിത്തി നിർമ്മിക്കാൻ 7.98 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്.