pradeep
പ്രദീപിന്റെ നേതൃത്വത്തൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

കൊല്ലം: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠിച്ച് മുന്നേറാൻ സഹായവുമായി മുഖത്തലയിൽ സൗജന്യ പി.എസ്.സി പരിശീലന ക്ളാസ് നടത്തുന്ന പ്രദീപും അദ്ദേഹത്തിന്റെ ശിഷ്യരും രംഗത്ത്. വിവിധ സ്‌കൂളിലെ 270 കുട്ടികൾക്കാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രദീപ് സാറും ശിഷ്യരും ചേർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

പ്രദീപിന്റെ പരിശീലനത്തിൽ സർക്കാർ ഉദ്യോഗസ്ഥരായവരിൽ നിന്നാണ് 265 ബാഗ്, 1000 പേന,​ 4300 ബുക്കുകൾ എന്നിവ ശേഖരിച്ച് സ്‌കൂൾ കുട്ടികൾക്ക് വിതരണം ചെയ്‌തത്. മുഖത്തല ഗവ.എൽ.പി സ്‌കൂൾ,​ എൻ.എസ്.എസ് യു.പി.എസ്,​ എം.ജി.ഡി.എച്ച്.എസ്,​ മൈലാപ്പൂര് എ.കെ.എം.എച്ച്.എസ് തുടങ്ങിയ സ്‌കൂളുകളിലെ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്‌തത്.

മാസംതോറും സമൂഹത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കും കാൻസർ, വൃക്ക രോഗികൾക്കും ഉൾപ്പെടെ പ്രദീപിന്റെ നേതൃത്വത്തിൽ സഹായം എത്തിക്കുന്നുണ്ട്. പി.എസ്.സി കോച്ചിംഗിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും തന്റെ ശിഷ്യർ പങ്കാളികളാകണമെന്നാണ് പ്രദീപിന്റെ കാഴ്‌ചപ്പാട്. അതിനാൽ ജോലി കിട്ടി പോയതിന് ശേഷവും ഇത്തരം പ്രവർത്തനങ്ങളിൽ പ്രദീപിന് കൂട്ടായി ഇവർ എത്താറുണ്ട്.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ പ്രദീപ് തന്റെ ഡ്യൂട്ടി കഴിഞ്ഞുള്ള സമയങ്ങളിലാണ് ഉദ്യോഗാർത്ഥികൾക്കായി സൗജന്യ ക്ലാസുകൾ നടത്തുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പരിശീലനത്തിനെത്തുന്നുണ്ട്. രണ്ട് വിദ്യാർത്ഥികളുമായി തുടങ്ങിയ പ്രദീപിന്റെ പരിശീലന ക്ലാസിൽ ഇപ്പോൾ 647 പേരോളം ആണ് പഠിക്കാൻ എത്തുന്നത്. ഇതുവരെ 351 പേർ ജോലിയിലും പ്രവേശിച്ചു.