കൊല്ലം: പേരൂർ രഞ്ജിത്ത് ജോൺസൺ വധക്കേസ് അന്വേഷിച്ച എസ്.ഐ വി.അനിൽകുമാറിന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്റ അഭിനന്ദന സർട്ടിഫിക്കറ്റും കാഷ് അവാർഡും ഗുഡ് സർവീസ് എൻട്രിയും സമ്മാനിച്ചു. ലോക്‌നാഥ് ബഹ്റ ഇന്നലെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മികച്ച രീതിയിൽ കേസന്വേഷണം പൂർത്തിയാക്കി കോടതിയുടെ പ്രശംസ ഏറ്റുവാങ്ങിയ അനിൽ കുമാറിനെ അഭിനന്ദിക്കുന്നുവെന്നും സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും അദ്ദേഹം പ്രചോദനം പകരുമെന്നും ലോക്‌നാഥ് ബഹ്റ പറഞ്ഞു.
കൊല്ലം സിറ്റി ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആയ അനിൽ കിളികൊല്ലൂർ എസ്.എച്ച്. ഒ ആയിരിക്കുമ്പോഴാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിധിന്യായത്തിൽ വിചാരണ കോടതി അനിലിന്റെ അന്വേഷണ മികവിനെ അഭിനന്ദിച്ചിരുന്നു. മുഴുവൻ പ്രതികളെയും കണ്ടെത്തിയതും ആദ്യ പ്രതി അറസ്റ്റിലായി 82-ാം ദിവസം കുറ്റപത്രം സമർപ്പിച്ച് പ്രതികളുടെ സ്വാഭാവിക ജാമ്യം ഇല്ലാതാക്കിയതും അനിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരുന്നു. മുഖ്യപ്രതി പാമ്പ് മനോജ് ഉൾപ്പെടെ ഏഴ് പ്രതികളെയും വിചാരണ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. 25 വർഷത്തേക്ക് ഒരു തരത്തിലുള്ള ശിക്ഷാ ഇളവും നൽകരുതെന്നും വിധിയിലുണ്ട്.