gandhibhavan
ലതയെ പൊലീസ് ഗാന്ധിഭവനിൽ എത്തിച്ചപ്പോൾ

പത്തനാപുരം: ഇരുപതു വർഷമായി ബന്ധുക്കൾ ഒറ്റമുറി വീട്ടിൽ പൂട്ടിയിട്ടിരുന്ന വീട്ടമ്മയെ വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ ഇടപെട്ട് പത്തനാപുരം ഗാന്ധിഭവനിലെത്തിച്ചു.

കൊല്ലം വാളത്തുംഗൽ ഹയർസെക്കന്ററി സ്‌കൂളിന് സമീപം കവിരിയന്റരികത്ത് ലതയാണ് (48)ബന്ധനത്തിൽ കഴിഞ്ഞിരുന്നത്. നാട്ടുകാർ വിവരം ധരിപ്പിച്ചതിനെ തുടർന്ന് വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാലിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷപ്പെടുത്തുകയായിരുന്നു. ലതയുടെ സഹോദരിയുടെ വീടിനു സമീപം പ്രത്യേകമായി നിർമ്മിച്ച ഒറ്റമുറി വീട്ടിലാണ് ഇവരെ തടവിലിട്ടിരുന്നത്. കല്ലും മണ്ണും മനുഷ്യവിസർജ്ജ്യവും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞ മുറിയിലേക്ക് ജനാലവഴി സഹോദരി ഇട്ടുകൊടുക്കുന്ന ഒരു നേരത്തെ ഭക്ഷണമായിരുന്നു ഇവരുടെ ജീവൻ നിലനിറുത്തിയിരുന്നത്. കുളിക്കാനോ ശരീരം വൃത്തിയാക്കാനോ ഒരു സൗകര്യവുമില്ലാത്തതിനാൽ മുടി ജഡപിടിച്ചിരുന്നു.

പരേതനായ ചിന്നയ്യൻ ചെട്ടിയാരുടെയും രാജമ്മയുടെയും ഏഴ് മക്കളിൽ ഒരാളാണ് ലത. കൊല്ലം എസ്.എൻ കോളേജിൽ പ്രീഡിഗ്രിവരെ പഠിച്ചു. അതിനുശേഷമായിരുന്നു വിവാഹം കുറച്ചുനാളുകൾക്ക് ശേഷം ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ സഹോദരങ്ങൾക്കൊപ്പമായി ജീവിതം. പതിനേഴ് വയസ്സുള്ള ഏക മകൻ ഒരു ചെരുപ്പുകടയിൽ ജോലിനോക്കുന്നു. ഈ കുട്ടി അമ്മയുടെ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്.
ലത നേരത്തെ മനോരോഗത്തിന് ചികിത്സ നടത്തിയിരുന്നതായി സഹോദരി പറഞ്ഞു. തനിക്ക് ജോലിയൊന്നുമില്ല ഭർത്താവ് നേരത്തെ മരിച്ചു. വർക്ക്‌ഷോപ്പ് ജീവനക്കാരനായ മകന് കിട്ടുന്ന തുച്ഛവരുമാനം കൊണ്ടാണ് ജീവിച്ചു പോകുന്നത്. ഇതിനിടയിലാണ് ലതയെ തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സിപ്പിച്ചത്. അവിടെ നിന്നും തിരിച്ചയച്ചതിനെ തുടർന്ന് വീട്ടിൽ നിർത്തുകയായിരുന്നു. ആരോടും പറയാതെ പുറത്തിറങ്ങിപ്പോകുന്ന സ്വഭാവം ലതയ്ക്കുണ്ടായിരുന്നു. ഇതുകാരണമാണ്

അടച്ചിട്ടത്. തന്നെ കൂടാതെ അഞ്ച് സഹോദരങ്ങൾ ഉണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കാറില്ലെന്നും ഈ സഹോദരി പറഞ്ഞു.
വിവരമറിഞ്ഞ് ഞായറാഴ്ച സന്ധ്യയോടെയാണ് വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാകമാൽ എത്തിയത്. സിറ്റി പൊലീസ് കമ്മീഷണറെ വിവരമറിയിച്ചതിനെ തുടർന്ന് ഇരവിപുരം എസ്.ഐ സജീവ്കുമാറും വനിതാ പൊലീസ് സംഘവും സ്ഥലത്തെത്തി. തുടർന്ന് സഹോദരിയെ വിളിച്ചുവരുത്തി. താക്കോലുണ്ടായിട്ടും പൂട്ടിയ വാതിൽ തുറക്കാനായില്ല. പൊലീസ് വാതിൽ തകർത്താണ് അകത്തുകയറിയത്.
കുളിപ്പിച്ച് വസ്ത്രം മാറ്റി പൊലീസ് വാഹനത്തിൽ രാത്രി 12 മണിയോടെ ഗാന്ധിഭവനിൽ എത്തിച്ചു. വനിതാകമ്മിഷൻ അംഗത്തിന്റെയും സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെയും സാന്നിദ്ധ്യത്തിൽ ഗാന്ധിഭവന് കൈമാറുകയായിരുന്നു.