കൊല്ലം: മതേതര ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിച്ച മഹാനായ നേതാവാണ് ഡോ. ബി.ആർ. അംബേദ്കർ എന്ന് മന്ത്രി കെ. രാജു പറഞ്ഞു. ഡോ. ബി.ആർ. അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'സ്നേഹസ്‌മൃതി 2019' പരിപാടി കൊല്ലം പബ്ളിക് ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുടനീളം ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായി നിലനിൽക്കുന്ന സംഘടനയാണ് ഡോ. ബി.ആർ. അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷനെന്നും സംഘടനയ്ക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ എ.ബി. ശിൽപ്പ, എൻ.എസ്. ആർഷ എന്നിവരെ ചടങ്ങിൽ പുരസ്കാരം നൽകി മന്ത്രി അനുമോദിച്ചു. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ സംഘടിപ്പിച്ച ജില്ലാതല സെമിനാറിന്റെ ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. ഫൗണ്ടേഷൻ ദേശീയ ചെയർമാൻ നെടുമൺകാവ് ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണവും നിർദ്ധനരായ ക്യാൻസർ രോഗികൾക്കുള്ള ചികിത്സാ ധനസഹായത്തിന്റെ വിതരണവും നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പന്മന തുളസി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശിവരാജൻ കണ്ടത്തിൽ, ജില്ലാ ജനറൽ സെക്രട്ടറി സുഭാഷ് ഇടയ്ക്കിടം, പ്രതാപൻ കുണ്ടറ, മോഹനചന്ദ്രൻ, പ്രൊഫ. പി. സോമരാജൻ, കടവൂർ ഗോപൻ, ലതാപിള്ള, അനിത തിരുവല്ല, കെ. സുധാകരൻ ആലപ്പുഴ, അനക്സ് ചാത്തന്നൂർ, കെ.വി. മാത്യു, വാടിയിൽ രാജൻ എന്നിവർ സംസാരിച്ചു.