മാതൃക കാട്ടിയത് പട്ടത്താനം ഗവ. എസ്.എൻ.ഡി.പി. സ്കൂളിലെ വിദ്യാർത്ഥികൾ
കൊല്ലം: പ്രതിസന്ധി നേരിടുന്നവർക്കൊരു സഹായ ഹസ്തവുമായി നിലകൊള്ളുന്ന സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയർ പദ്ധതിയ്ക്ക് കൈത്താങ്ങായി കൊല്ലം പട്ടത്താനം ഗവ. എസ്.എൻ.ഡി.പി. യു.പി. സ്കൂൾ വിദ്യാർത്ഥികൾ. ഇവിടത്തെ കുട്ടികൾ നിർമ്മിച്ച 'കേമി' കുഞ്ഞ് പാവകൾ വിറ്റുകിട്ടിയ 35,000 രൂപ വി കെയറിനായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് കൈമാറി.
അപകടത്തിൽ കൈ നഷ്ടപ്പെട്ട കൊല്ലം തട്ടാർകോണം സ്വദേശിയായ വിദ്യാർത്ഥി ഷിബിന് വി കെയർ പദ്ധതിയിലൂടെ 4.37 ലക്ഷം രൂപ ചെലവഴിച്ച് കൃത്രിമ കൈ അടുത്തിടെ നൽകിയിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേമി പാവകളെ വിറ്റുകിട്ടിയ പണം വി കെയറിന് നൽകാൻ പട്ടത്താനം സ്കൂളിലെ വിദ്യാർത്ഥികൾ തീരുമാനിച്ചത്. 1500 പാവകളാണ് കുട്ടികൾ നിർമ്മിച്ച് വിറ്റത്. വി കെയർ പദ്ധതിയ്ക്ക് വലിയ കരുത്താണ് കുട്ടികളുടെ ഈ സമ്പാദ്യമെന്നും ഇത് മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.
സ്കൂളിലെ കൂട്ടായ്മ രൂപം നൽകിയ സ്കൂൾ കലണ്ടർ, ഓർമ്മ പുസ്തകം, പട്ടത്താനം സ്റ്റുഡന്റ്സ് ബിനാലെ പുസ്തകം എന്നിവ കുട്ടികൾ മന്ത്രിക്ക് സമ്മാനിച്ചു. വിദ്യാർത്ഥികൾ മന്ത്രിയുമായി സംവദിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ വിജയകുമാർ, പി.ടി.എ പ്രസിഡന്റ് സിന്ദർലാൽ, സ്കൂൾ ചെയർമാൻ എം.ആർ.രാഹുൽ, സ്കൂൾ ലീഡർ ആർ.നന്ദ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.