കരുനാഗപ്പള്ളി: ഭരണഘടനയ്ക്ക് വിരുദ്ധമായി പാർലമെന്റിലും നിയമസഭയിലും പാസാക്കിയ സംവരണ വിരുദ്ധ തീരുമാനം പുന പരിശോധിച്ച് ഭരണഘടനയോട് നീതി പുലർത്തണമെന്ന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ വാർഷിക പൊതുയോഗം കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി യോഗത്തിന്റെ നിയന്ത്രണത്തിലുള്ള യൂണിയൻ - ശാഖാ സെക്രട്ടറിമാർക്ക് പെൻഷൻ നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുക, കേരളത്തിലെ ഗുരുക്ഷേത്രങ്ങളിലെ പൂജാരിമാർക്ക് ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ ശാന്തിമാർക്ക് നൽകുന്ന ശമ്പളവും മറ്ര് ആനുകൂല്യങ്ങളും സർക്കാർ നൽകുക തുടങ്ങിയ പ്രമേയവും വാർഷിക പൊതുയോഗം പാസാക്കി. യൂണിയൻ പ്രസിഡന്റ് കെ. സുശീലന്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. യോഗം ബോർഡ് മെമ്പർമാരായ കെ.പി. രാജൻ, കെ.ജെ. പ്രസേനൻ, കെ.ആർ. വിദ്യാധരൻ, കൗൺസിലർമാരായ കള്ളേത്ത് ഗോപി, ബി. കമലൻ, എം. ചന്ദ്രൻ, കളരിക്കൽ സലിംകുമാർ, ക്ലാപ്പന ഷിബു, കുന്നേൽ രാജേന്ദ്രൻ, എല്ലയ്യത്ത് ചന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് മണിഅമ്മ, സെക്രട്ടറി മധുകുമാരി, യൂത്ത് മൂവ്മെന്റ് നേതാക്കളായ ശരത്ചന്ദ്രൻ, നീലികുളം സിബു എന്നിവർ പ്രസംഗിച്ചു.