കൊല്ലം: ഒഴിപ്പിച്ചതിന് ശേഷം വീണ്ടും പാതയോരങ്ങൾ കൈയേറിയവരെ തുരത്താൻ ഓപ്പറേഷൻ ഈസി വാക്കിന്റെ രണ്ടാംഘട്ടം ആരംഭിക്കും. മേയറുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ രണ്ടാംഘട്ടത്തിന് രൂപം നൽകും. നാളെ മുതൽ രണ്ടാംഘട്ട ഒഴിപ്പിക്കൽ തുടങ്ങാനാണ് ആലോചന.
ഈ മാസം 15നാണ് ഓപ്പറേഷൻ ഈസിവാക്കിന്റെ ആദ്യഘട്ടം അവസാനിച്ചത്. ഏഴ് ദിസവത്തിനുള്ളിൽ എഴുന്നൂറോളം അനധികൃത ബങ്കുകളും ഇറക്കുകളുമാണ് നീക്കം ചെയ്തത്. പൊളിച്ചുനീക്കുമെന്നുറപ്പായതോടെ 258 പേർ സ്വയം ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നു. ജില്ലാ ആശുപത്രി പരിസരം, സെന്റ് ജോസഫ് കോൺവെന്റ്, ലിങ്ക് റോഡ്, അയത്തിൽ തുടങ്ങിയ ഇടങ്ങളിൽ ഒഴിഞ്ഞുപോയവർ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ നിരത്ത് കൈയേറിയതോടെയാണ് ഓപ്പറേഷന്റെ രണ്ടാംഘട്ടം ഉടൻ തന്നെ ആരംഭിക്കാൻ തീരുമാനിച്ചത്.
ഇന്ന് ചേരുന്ന യോഗത്തിൽ നഗരസഭയിലെ എൻജിനിയറിംഗ്, ആരോഗ്യം, റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ പൊലീസ്, പൊതുമരാമത്ത്, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുക്കും. ആദ്യഘട്ടം പോലെ തന്നെ ഓരോ മേഖല കേന്ദ്രീകരിച്ചായിരിക്കും രണ്ടാംഘട്ട ഒഴിപ്പിക്കൽ. ഒഴിപ്പിക്കുന്നവരിൽ അർഹരായവരെ പുനരധിവസിപ്പിക്കാൻ സ്ട്രീറ്റ് വെണ്ടേഴ്സ് സോൺ ആരംഭിക്കാനുള്ള ചർച്ചകളും നടന്നുവരികയാണ്.