കൊട്ടാരക്കര: കൊട്ടാരക്കര ചന്തമുക്കിലെ ഷോപ്പിംഗ് കോംപ്ളക്‌സ് പൊളിച്ച സ്ഥലത്ത് സാംസ്കാരിക നിലയം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുകളിലത്തെ നിലയിൽ തീയേറ്റർ സംവിധാനങ്ങൾ അടക്കം ഏർപ്പെടുത്തി പട്ടണത്തിലെ പൊതു പരിപാടികൾ നടത്തുന്നതിനുള്ള കേന്ദ്രമായി ഇവിടം മാറ്റണമെന്നാണ് ആവശ്യം.
25 വർഷം പഴക്കം മാത്രമുണ്ടായിരുന്ന ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടമാണ് ചന്തമുക്കിൽ നിന്ന് പൊളിച്ചുനീക്കിയത്. അര ഏക്കർ സ്ഥലമാണ് നഗരസഭയുടെ വകയായി ഇവിടയുള്ളത്. പട്ടണത്തിൽ പൊതുപരിപാടികൾ സംഘടിപ്പിക്കാനും മറ്റും നിലവിൽ മറ്റൊരിടമില്ല. കച്ചേരിമുക്കിൽ റോഡിലാണ് പലപ്പോഴും സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളുമൊക്കെ നടത്തുന്നത്.
ചന്തമുക്കിൽ കണ്ണായ സ്ഥലത്ത് നഗരസഭയ്ക്ക് ആസ്ഥാന മന്ദിരം നിർമ്മിച്ചാൽ അത് കൂടുതൽ ദുരിതങ്ങൾക്ക് വഴിവയ്ക്കും. കൊല്ലം-തിരുമംഗലം ദേശീയപാതയുടെ ഓരത്തായാണ് ഈ സ്ഥലം. ഓയൂർ റോഡും പുത്തൂർ റോഡും ദേശീയപാതയിൽ സംഗമിക്കുന്ന സ്ഥലവുമാണിത്. ഈ നിലയിൽ വാഹനകുരുക്ക് എപ്പോഴുമുള്ള ഭാഗത്ത് നഗരസഭയുടെ ആസ്ഥാന മന്ദിരമെത്തുമ്പോൾ തിരക്ക് പിന്നെയും വർദ്ധിക്കും. കല്ലട ഇറിഗേഷൻ വകുപ്പിന്റെ വകയായുള്ള രവിനഗറിലെ ഭൂമി നഗരസഭയ്ക്ക് അനുവദിച്ചിട്ടുണ്ട്. അവിടെ ആസ്ഥാന മന്ദിരം നിർമ്മിക്കുകയും ചന്തമുക്കിൽ സാംസ്കാരിക നിലയം നിർമ്മിക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
സാംസ്കാരിക സമുച്ചയം
ഗ്രൗണ്ട് ഫ്ളോറിൽ പൊതു സമ്മേളനങ്ങൾ നടത്താനുതകുന്ന സ്ഥലമൊരുക്കണം. രണ്ടാം നിലയിൽ വിവാഹങ്ങൾ ഉൾപ്പടെ നടത്താൻ കഴിയുന്ന വിശാലമായ ഹാൾ, ചെറുതും വലുതമായ യോഗങ്ങളും ഇവിടെ നടത്താം. മൂന്നാം നിലയിൽ തീയേറ്റർ കോംപ്ളക്സും ലൈബ്രറി സംവിധാനങ്ങളും എന്ന നിലയിൽ പ്ളാൻ തയ്യാറാക്കണമെന്നാണ് ആവശ്യം. നഗരസഭയ്ക്ക് നിശ്ചിത വാടക ഈടാക്കി ഓരോ സ്ഥലവും നൽകാവുന്നതാണ്. വാടക ഇനത്തിൽ വലിയ വരുമാനം നഗരസഭയ്ക്ക് ലഭിക്കുകയും ചെയ്യും.
നിർമ്മാണം ചുവപ്പ് നാടയിൽ
ചന്തമുക്കിൽ നഗരസഭയ്ക്ക് ആസ്ഥാനം നിർമ്മിക്കാനായി 11 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നഗരസഭയുടെ പുതിയ ഓഫീസും ഷോപ്പിംഗ് കോംപ്ളക്സുമടക്കമുള്ള കെട്ടിടസമുച്ചയമാണ് ലക്ഷ്യം. എന്നാൽ ഇതിന്റെ നടപടിക്രമങ്ങൾ ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഫെബ്രുവരി അവസാനത്തോടെ ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ച് തുടങ്ങുകയും മാർച്ച് ആദ്യവാരത്തിൽ പൂർണ്ണമായും പൊളിച്ച് നീക്കുകയും ചെയ്തു. അന്നുമുതൽ ഇവിടെ വാഹന പാർക്കിംഗിന് ഉപയോഗിക്കുന്നത് മാത്രമാണ് മിച്ചം.
സാംസ്കാരിക സമുച്ചയത്തിന് വേണ്ടി പരിശ്രമിക്കും
കൊട്ടാരക്കര ചന്തമുക്കിൽ ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ച് നീക്കിയ സ്ഥലത്ത് സാംസ്കാരിക സമുച്ചയം നിർമ്മിക്കുന്നതിന് പരിശ്രമിക്കും. പൊതുസമൂഹത്തെയും അധികാരികളെയും ഇക്കാര്യം ബോദ്ധ്യപ്പെടുത്തുകയാണ് ആദ്യ ദൗത്യം.
(പല്ലിശ്ശേരി, ചെയർമാൻ, അക്ഷരം കലാസാഹിത്യവേദി)