poli
കെവിൻ കൊലക്കേസിലെ സാക്ഷിയെ മർദ്ദിച്ച കുറ്റത്തിന് അറസ്റ്റിലായ പ്രതികളുടെ സുഹൃത്തുക്കൾ

പുനലൂർ: പ്രയണ വിവാഹത്തിന്റെ പേരിൽ കോട്ടയം സ്വദേശിയായ കെവിൻ ജോസഫിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായ പുനലൂർ പൈനാപ്പിൾ, ലക്ഷ്മി വിലാസത്തിൽ രാജേഷിനെ(32) മർദ്ദിച്ച രണ്ട് പ്രതികളെയും അവരുടെ രണ്ടു സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ജാമ്യത്തിലിറങ്ങിയ പുനലൂർ ചെമ്മന്തൂർ പൊയ്യാനി ആശുപത്രിക്ക് സമീപത്തെ താമസക്കാരനായ ഷാനു(23), പുനലൂർ പാപ്പന്നൂർ സ്വദേശി മനു(27) ഇവരുടെ സുഹൃത്തുക്കളായ തൊളിക്കോട് കാഞ്ഞിരവീട്ടിൽ റോബിൻ (29), പിറവന്തൂർ പഞ്ചായത്തിലെ കറവൂർ സ്വദേശി ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി 9മണിയോടെ പുനലൂർ മാർക്കറ്റ് ജംഗ്ഷനിൽ വച്ചായിരുന്നു മർദ്ദിച്ചത്. 32-ാം സാക്ഷിയായ രാജേഷിന്റെ വിസ്താരം ഇന്നലെയായിരുന്നു. പ്രതികൾക്ക് അനുകൂലമായി മൊഴിമാറ്റി പറയണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിൽ പ്രകോപിതരായാണ് മർദ്ദിച്ചതെന്ന് പൊലിസ് പറഞ്ഞു. പുനലൂർ പൊലിസ് പ്രതികളുടെ സുഹൃത്തുക്കളെ ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇന്നലെ രാജേഷ് കോട്ടയം കോടതിയിൽ ഹാജരായി സാക്ഷി മൊഴി നൽകി. സാക്ഷിയെ മർദ്ദിച്ച വിവരം പൊലീസ് കോട്ടയം സെഷൻസ് കോടതിയെ ധരിപ്പിച്ചു. തുടർന്ന് രണ്ട് പ്രതികളും ഇന്നലെ കോടതിയിൽ ഹാജരായപ്പോൾ ജാമ്യം റദ്ദു ചെയ്ത് റിമാൻഡ് ചെയ്തു.

കഴിഞ്ഞ വർഷം മേയ് 26ന് കെവിൻ ജോസഫിനെ പ്രതികൾ തെന്മല പഞ്ചായത്തിലെ ചാലിയക്കര ആറ്റിൽ മുക്കി കൊന്നുവെന്നാണ് കേസ്. കോട്ടയത്ത് ഹോസ്റ്റലിൽ നിന്നു പഠിച്ചിരുന്ന ഒറ്റക്കൽ സ്വദേശിയായ ചാക്കോയുടെ മകൾ നീനു ചാക്കോയെ താഴ്ന്ന സമുദായത്തിൽപ്പെട്ട കെവിൻ പ്രണയിച്ച് വിവാഹം കഴിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.