photo
നാശോന്മുഖമാകുന്ന പാവട്ടേരിൽ തോട്

പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു

കരുനാഗപ്പള്ളി: മാലിന്യനിക്ഷേപത്താൽ നശിച്ചുകൊണ്ടിരിക്കുന്ന പാവട്ടേരിൽത്തോട് മാലിന്യ വിമുക്തമാക്കി കാർഷിക ആവശ്യങ്ങൾക്കായി വിനിയോഗിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ പ്രധാന കൃഷിയിടങ്ങളായിരുന്ന മാരുർതാഴെ പാടശേഖരത്തിലെയും കാരശ്ശേരിൽ പാടശേഖരത്തിലെയും കാർഷിക ആവശ്യങ്ങൾക്ക് വേണ്ടിയാണ് അത്തൂട്ട് രാജാക്കൻമാരുടെ ഭരണ കാലത്ത് തോട് നിർമ്മിച്ചത്. ഇവിടെയുള്ള പാടശേഖരങ്ങളിൽ വർഷത്തിൽ രണ്ട് തവണ നെല്ലും ഒരു വട്ടം എള്ളും കൃഷി ചെയ്തിരുന്നു. കൃഷിയിയങ്ങളിലേക്ക് വളവും മറ്റ് കൃഷിസാധനങ്ങളും എത്തിച്ചിരുന്നത് വള്ളങ്ങളിലായിരുന്നു . കൊയ്ത്ത് കഴിഞ്ഞ് കറ്റകൾ വള്ളങ്ങളിൽ കയറ്റിയാണ് കരയ്ക്ക് എത്തിച്ചിരുന്നത്. തോടിന്റെ വശങ്ങളിൽ താമസിക്കുന്നവർ വലിച്ചെറിയുന്ന മാലിന്യങ്ങളാണ് തോടിനെ നശിപ്പിക്കുന്നത്. വശങ്ങളിലുള്ള പല വീടുകളിലെയും കക്കൂസിന്റെ ഔട്ട് ലെറ്റുകൾ തോട്ടിലേക്കാണ് നീട്ടി വെച്ചിരിക്കുന്നത്. കാൽനൂറ്റാണ്ടിന് മുമ്പ് വരെ നാട്ടുകാർ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും തോട്ടിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. കഠിനമായ വേനൽക്കാലത്ത് പോലും ഇവിടങ്ങളിലെ കിണറുകളെ ജലസമൃദ്ധമാക്കിയിരുന്നത് പാവട്ടേരിൽ തോടായിരുന്നു. മാലിന്യ നിക്ഷേപത്താൽ നിലവിൽ തോട്ടിലെ നീരൊഴുക്ക് തന്നെ നിലച്ചിരിക്കുകയാണ്. തോട്ടിൽ നിന്നുള്ള ദുർഗന്ധം സമീപത്ത് താമസിക്കുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. തോടിന്റെ വശങ്ങൾ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കാത്തതാണ് കൈയേറ്റത്തിന് കാരണം. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും നാട്ടുകാരുടെ സഹായവുമുണ്ടെങ്കിൽ തോട് മാലിന്യ വിമുക്തമാക്കാൻ കഴിയുമെന്നും ഇതിന് ത്രിതല പഞ്ചായത്തും കൃഷി വകുപ്പും മുൻ കൈ എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

 തോട് അവസാനിക്കുന്നത് മാരൂർത്താഴെ പാടശേഖരത്തിൽ

ടി.എസ് കനാലിൽ നിന്നാരംഭിക്കുന്ന പാവട്ടേരിൽ തോട് മാരൂർത്താഴെ പാടശേഖരത്തിലാണ് അവസാനിക്കുന്നത്. തോടിന് ഒരു കിലോമീറ്ററോളം ദൈർഘ്യം വരും. 10 മീറ്ററോളം വീതി ഉണ്ടായിരുന്ന തോട് കൈയേറ്റത്തെ തുടർന്ന് 5 മീറ്ററിൽ താഴെയായി ചുരുങ്ങിയിട്ടുണ്ട്. മാരൂർത്താഴെ പാടശേഖരത്തെ കൃഷി നിലച്ചതോടെയാണ് തോടിന്റെ നാശം ആരംഭിക്കുന്നത്. കൃഷിയിൽ നിന്ന് കർഷകർ പിൻതിരിഞ്ഞതോടെ തോട്ടിലൂടെയുള്ള വള്ളങ്ങളുടെ വരവ് നിലച്ചു. ഒരു കാലത്ത് ജലസമൃദ്ധമായിരുന്ന തോട് ഇന്ന് നാശത്തിന്റെ വക്കിലാണ്.