kunnathoor
കായൽ കൂട്ടായ്മ പ്രവർത്തകർ ശാസ്താംകോട്ട വാട്ടർ അതോറിട്ടി എക്സി.എൻജിനീയറെ ഉപരോധിക്കുന്നു.

കുന്നത്തൂർ:ശാസ്താംകോട്ട തടാകത്തിലേക്ക് മലിനജലം ഒഴുക്കുന്നതിനെതിരെയും കനാലിൽ നിന്നുള്ള മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നതിൽ പ്രതിഷേധിച്ചും കായൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട വാട്ടർ അതോറിട്ടി അസി.എക്സി.എൻജിനീയറെ ഉപരോധിച്ചു. തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനെ തുടർന്ന് ബദൽ സംവിധാനമായി ഒരുക്കിയ കനാലിൽ നിന്നുള്ള വെള്ളം കുടിവെള്ളമാക്കി രണ്ട് ദിവസമായി വിതരണം ചെയ്തു വരികയായിരുന്നു.മാലിന്യം നിറഞ്ഞ കനാൽ ജലം വിതരണം ചെയ്യുന്നതിനെതിരെ നേരത്തെ മുതൽ പ്രതിഷേധം ഉയർന്നിരുന്നു.ഒരു മാസം മുമ്പ് കനാലിൽ നിന്നുള്ള ജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് ജനങ്ങൾ ഇടപെട്ട് നിർത്തി വയ്പ്പിച്ചിരുന്നു.ഇത് വീണ്ടും തുടങ്ങിയതിലും ശുദ്ധീകരണശാലയിലെ പ്ലാൻ്റിൽ നിന്നും മലിനജലം നേരിട്ട് തടാകത്തിലേക്ക് ഒഴുക്കിവിടുന്നതിൽ പ്രതിഷേധിച്ചുമാണ് ഉപരോധം നടത്തിയത്. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ മലിനജലം തടാകത്തിലേക്ക് ഒഴുക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനമായി.കൂടാതെ റീസൈക്ളിംഗ് പ്ലാൻ്റ് സ്ഥാപിക്കാമെന്നും അധികൃതർ സമരക്കാർക്ക് ഉറപ്പ് നൽകി.നമ്മുടെ കായൽകൂട്ടായ്മ പ്രവർത്തകരായ എസ്.ദിലീപ് കുമാർ,സിനു,കപിൽ ബാലചന്ദ്രൻ,ബിനു,ജയ കൃഷ്ണൻ, സുനിൽ,ശ്രീജിത്ത്,ലിബിൻ എന്നിവർ നേതൃത്വം നൽകി.