1300 അടി ഉയരത്തിൽ മലനിരകളുടെ ഹൃദയത്തിലൊട്ടി, മഴയും കാറ്റും വെയിലും അടുത്തറിഞ്ഞ് താമസിക്കാൻ റെഡിയാണോ? എങ്കിൽ പെറുവിലെ സേക്രഡ് പർവതനിരകളിലെ സ്ഫടിക നിർമിത ലോഡ്ജിലേക്ക് പോകാം.അല്പം സാഹസികരാണെങ്കിൽ മാത്രമേ ഈ കണ്ണാടി ലോഡ്ജുകളിലേക്ക് എത്തിപ്പെടാൻ സാധിക്കൂ. 400 മീറ്റർ കുത്തനെയുള്ള മല കയറിയാൽ താമസ സ്ഥലത്തേക്ക് എത്തിച്ചേരാം. എട്ട് അടി നീളമുള്ള 24 ലോഡ്‌ജുകളാണ് അതിഥികൾക്ക് താമസിക്കാനായി ഒരുക്കിയിരിക്കുന്നത്. ചെറുതാണെങ്കിലും സൗകര്യങ്ങളുടെ കാര്യത്തിൽ ഈ കണ്ണാടി ലോഡ്ജുകൾ ആരെയും അമ്പരപ്പിക്കും. നാല് ബെഡുകളും, ഭക്ഷണം കഴിക്കാനിരിക്കാനുള്ള ഒരു പ്രത്യേകയിടവും ബാത്റൂമുമെല്ലാം ഒരുക്കിയിട്ടുണ്ട്. നതാലിയ റോഡ്രിഗസ് ആണ് കണ്ണാടി ലോഡ്ജിന്റെ മാനേജർ. എയ്റോസ്പേസ് അലുമിനിയവും കാലാവസ്ഥയെ പ്രതിരോധിക്കുന്ന പോളികാർബണേറ്റുമാണ് കണ്ണാടി ലോഡ്ജിന്റെ നിർമാണ സാമഗ്രികൾ. പകലിലെ ചൂടും വെളിച്ചവും ആസ്വദിക്കുന്നതിനൊപ്പം രാത്രിയുടെ സുഖവും ആകാശത്തെ നോക്കിയുള്ള ഉറക്കവും പകരുന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത മികച്ച അനുഭവങ്ങളായിരിക്കും. ഒരു രാത്രി ചെലവിടാൻ 400 ഡോളറാണ് ചെലവ്. രണ്ടു നേരത്തെ ഭക്ഷണം ഉൾപ്പെടെ എല്ലാചെലവുകളും ഇതിലടങ്ങിയിരിക്കുന്നു. പകലുകൾ ചെലവഴിക്കാൻ വരുന്നവർക്ക് ഉച്ചഭക്ഷണമുൾപ്പെടെ 237 ഡോളറാണ് ചെലവ് വരിക.