സർവ്വീസ് മുടങ്ങിയിട്ട് നാല് ദിവസം പിന്നിടുന്നു
കൊല്ലം: നൂറ് കണക്കിന് യാത്രക്കാർ പതിവായി ആശ്രയിക്കുന്ന കൊല്ലം- പ്ലാവറ- സാമ്പ്രാണിക്കോടി ബോട്ട് സർവ്വീസ് മുടങ്ങിയിട്ട് നാല് ദിവസം പിന്നിടുന്നു. രണ്ട് ദിവസത്തിനുള്ളിൽ മടങ്ങിയെത്തുമെന്ന് പറഞ്ഞാണ് ബോട്ട് ആലപ്പുഴ ഡോക്കിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത്. ദിവസം നാലായിട്ടും ബോട്ട് തിരികെയെത്തിയില്ലെന്ന് മാത്രമല്ല, പകരം ബോട്ട് അനുവദിക്കുന്നുമില്ല.
വില്ലനാകുന്നത് കാലപ്പഴക്കം
ജലഗതാഗത വകുപ്പിന്റെ ഏറ്റവും പഴക്കമുള്ള ബോട്ടുകളിലൊന്നായ എസ്- 13 ആണ് കൊല്ലം- പ്ലാവറ- സാമ്പ്രാണിക്കോടി സർവ്വീസിന് ഉപയോഗിക്കുന്നത്. കാലപ്പഴക്കം മൂലം ഈ ബോട്ട് ഇടയ്ക്കിടെ തകരാറിലാകുന്നത് പതിവാണ്. രണ്ടാഴ്ച മുമ്പ് തകരാറിനെ തുടർന്ന് സർവ്വീസ് രണ്ട് ദിവസം മുടങ്ങിയിരുന്നു. ഇതിന് ശേഷമാണ് കഴിഞ്ഞയാഴ്ച എൻജിൻ ഷാഫ്റ്റ് തകരാറിലായത്. ആലപ്പുഴ ഡോക്കിൽ നിന്ന് ജീവനക്കാരെത്തിയാൽ മണിക്കൂറുകൾ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമേയുണ്ടായിരുന്നുള്ളൂ. എന്നാൽ ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി ഡോക്കിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ജനങ്ങൾ യാത്രാദുരിതത്തിൽ
സർവ്വീസ് മുടങ്ങിയതോടെ കുരീപ്പുഴ, പാണാമുക്കം, പ്ലാവറ, സാമ്പ്രാണിക്കോടി ഭാഗങ്ങളിലുള്ളവർ കടുത്ത യാത്രാ ദുരിതത്തിലാണ്. ഇരട്ടി തുക ടിക്കറ്റ് ചാർജ് നൽകുന്നതിന് പുറമെ ഒരു മണിക്കൂറിലേറെ ചുറ്റിക്കറങ്ങി വരുന്ന ബസുകളെയാണ് ഇവിടത്തുകാർ ഇപ്പോൾ ആശ്രയിക്കുന്നത്.
രാവിലെ 5.45ന് തുടങ്ങുന്ന കൊല്ലം- സാമ്പ്രാണിക്കോടി ബോട്ട് സർവ്വീസ് രാത്രി 9.10നാണ് അവസാനിക്കുന്നത്. ഒരുദിവസം 14 ട്രിപ്പ് കൊല്ലത്ത് നിന്ന് പ്ലാവറയിലേക്കും നാല് ട്രിപ്പ് കൊല്ലത്ത് നിന്ന് സാമ്പ്രാണിക്കോടിയിലേക്കുമാണ് നടത്തിയിരുന്നത്. എൻജിനിൽ തകരാറ് കണ്ടെത്തിയതിനെ തുടർന്ന് രണ്ടാഴ്ചയായി ആദ്യ സർവ്വീസ് റദ്ദാക്കിയിരുന്നു.