കൊല്ലം: പലപ്പോഴായി ലക്ഷങ്ങൾ മുടക്കി നവീകരിച്ചിട്ടും വടക്കേവിള സോണൽ കമ്മ്യൂണിറ്റി ഹാൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല. നഗരത്തിന്റെ കിഴക്കൻ മേഖലയിലെ സാധാരണക്കാരായ നാട്ടുകാരുടെ വിവാഹമുൾപ്പെടെ നടത്തിയിരുന്ന കമ്മ്യൂണിറ്റി ഹാളാണ് ഇപ്പോൾ ജനങ്ങൾക്കും നഗരസഭയ്ക്കും പ്രയോജനമില്ലാതെ നശിക്കുന്നത്.
നാട്ടുകാരുടെ തുടരെയുള്ള ആവശ്യങ്ങൾക്കൊടുവിൽ വർഷങ്ങൾക്ക് മുമ്പ് ഇവിടെ പുതിയ പാചകപ്പുര നിർമ്മിച്ചെങ്കിലും അതിന്റെ ഉദ്ഘാടനം പോലും നടത്താൻ കഴിഞ്ഞിട്ടില്ല. ഹാളിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ട് വർഷങ്ങളായി. പക്ഷേ ഇപ്പോഴും പ്രദേശത്തെ പല സംഘടനകളും തങ്ങളുടെ കൂട്ടായ്മകൾക്കായി ഹാൾ ഉപയോഗിക്കുന്നുണ്ട്. വൈദ്യുതിയും ലൈറ്റും ഫാനുമൊന്നുമില്ലാത്ത ഹാളിന് 1000 രൂപയും ജി.എസ്.ടിയുമാണ് നഗരസഭ വാടക ഈടാക്കുന്നത്. ചടങ്ങ് സംഘടിപ്പിക്കാൻ ആവശ്യമായ വൈദ്യുതിയടക്കമുള്ള എല്ലാ സൗകര്യങ്ങളും പുറത്ത് നിന്ന് എത്തിത്തേണ്ട സാഹചര്യമാണ് ഇപ്പോൾ.
വടക്കേവിളയുടെ സാംസ്കാരിക കൂട്ടായ്മകൾക്ക് ഒട്ടേറെ തവണ വേദിയായിട്ടുള്ള കമ്മ്യൂണിറ്റി ഹാൾ കാലോചിതമായി പരിഷ്കരിച്ച് നൽകണമെന്ന ആവശ്യം പരിഗണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വിവാഹ നിശ്ചയങ്ങൾ, സൽക്കാര ചടങ്ങുകൾ, കലാ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മ, റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിമാസ പരിപാടികൾ തുടങ്ങി ഒട്ടനവധി ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നതാണ് കമ്മ്യൂണിറ്റി ഹാൾ. നവീകരിച്ചാൽ നഗരസഭയ്ക്ക് ചെറുതല്ലാത്ത വരുമാന മാർഗ്ഗമായി കമ്മ്യൂണിറ്റി ഹാൾ മാറും.
കമ്മ്യൂണിറ്റി ഹാൾ നവീകരിക്കണം: വടക്കേവിള 'ഫാസ്'
വൈദ്യുതിയും മറ്റ് സൗകര്യങ്ങളുമില്ലാതെ നശിക്കുന്ന വടക്കേവിള സോണൽ കമ്മ്യൂണിറ്റി ഹാൾ നവീകരിക്കാൻ നഗരസഭ തയ്യാറാകണമെന്ന് വടക്കേവിള ഫൈനാർട്സ് സൊസൈറ്റി (ഫാസ്) വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.കെ.സുധാകരൻപിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി. രമേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. ബാബു റിപ്പോർട്ടവതരിപ്പിച്ചു. എ. നാസുമുദ്ദീൻ, എൽ. രാജേന്ദ്രൻ, കെ. രഘുനാഥൻ, കെ. ശിവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ. സുധാകരൻപിള്ള (പ്രസിഡന്റ്), ഡി. ബാബു (സെക്രട്ടറി), കെ. ശിവരാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.