photo
കൊല്ലം ബീച്ചിൽ ജലകേളി കിഡ്സ് പാർക്ക് സ്ഥാപിച്ച ബോർഡുകളിൽ ഒന്ന്

കൊല്ലം: കൊല്ലം ബീച്ചിലെ അപകടങ്ങൾ സന്ദർശകരെ ഓർമ്മപ്പെടുത്തുന്നതിനായി ജലകേളി കിഡ്സ് പാർക്ക് ബീച്ച് പരിസരങ്ങളിൽ അപകട സൂചനാ ബോർഡുകൾ സ്ഥാപിച്ചു. ബീച്ചിന്റെ പല കോണുകളിലായിട്ടാണ് രാത്രികാലങ്ങളിലും അക്ഷരങ്ങൾ വ്യക്തമാകുന്ന വിധത്തിലുള്ള ബോർഡുകൾ സ്ഥാപിച്ചത്.

അടുത്തിടെ ബീച്ചിൽ തിരയിൽപ്പെട്ട് നിരവധി ജീവനുകളാണ് പൊലിഞ്ഞത്. നിരവധിപേർ തിരയിൽപ്പെട്ട് മരണത്തിന്റെ മുഖാമുഖത്ത് നിന്നും തിരിച്ചെത്തുകയും ചെയ്തു. അപകടം ഏത് നിമിഷവും ഇവിടെ പതിയിരിക്കുമ്പോഴും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. വിശാലമായ ബീച്ച് ഏരിയയിൽ ലൈഫ് ഗാർഡുകളുടെയും മറ്റും കണ്ണുകൾ എല്ലായിടത്തും എത്തുകയില്ല.

പകലും രാത്രിയും ബീച്ചിൽ നിരവധി സന്ദർശകരെത്താറുണ്ട്. അപകടങ്ങൾ ഏറിവരുമ്പോഴും അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കാനും വേണ്ടത്ര സുരക്ഷിതത്വം ഉറപ്പാക്കാനും കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ജില്ലാ ടൂറിസം വകുപ്പിന്റെ കീഴിലുള്ള ജലകേളി കിഡ്സ് പാർക്ക് നടത്തിപ്പുകാർ സ്വന്തം ചെലവിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിച്ചത്. പോർട്ടിന്റെയും ടൂറിസം വകുപ്പിന്റെയും കോർപ്പറേഷന്റെയും അനുമതി ലഭിച്ചാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഇത്തരം ബോർഡുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്താനും തങ്ങൾ ഒരുക്കമാണെന്ന് ജലകേളി കിഡ്സ് പാർക്ക് നടത്തിപ്പുകാരായ എഫ് ആൻഡ് എഫ് അമ്യൂസ്‌മെന്റ് റൈഡ് ഇൻഡസ്ട്രീസ് ഉടമ ഷാജഹാൻ അറിയിച്ചു.