കൊല്ലം: കെ.പി.സി.സി പുന:സംഘടന ഉടനുണ്ടാകുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൊല്ലത്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. എതിർപക്ഷത്ത് സി.പി.എമ്മും ബി.ജെ.പി യും കെട്ടുറപ്പോടെ മുന്നോട്ട് പോകുമ്പോൾ നിലവിലെ സംഘടനാ രീതികളുമായി മുന്നോട്ട് പോകാനാകില്ല. പുന:സംഘടനയിലൂടെയേ ഗുണപരമായ മാറ്റമുണ്ടാക്കാൻ കഴിയൂ. ഇക്കാര്യത്തിൽ പ്രാഥമിക ചർച്ചകൾ കഴിഞ്ഞെന്നും തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എക്സിറ്റ് പോൾ പ്രവചനങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ് മുന്നണിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനും മുന്നണിക്കും അനുകൂലമായ റെക്കോഡ് വിജയമാകും ഇത്തവണ കേരളത്തിലുണ്ടാകുന്നതെന്നും എൻ.ഡി.എ അക്കൗണ്ട് തുറക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം, ദേശീയ രാഷ്ട്രീയത്തിൽ ഫലമെന്താകുമെന്ന ചോദ്യത്തിന് അദ്ദേഹം അഭിപ്രായം പറഞ്ഞില്ല.