pathanapuram
ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മാണം നടത്തി പ്രയോജനമില്ലാത്ത കുടിവെള്ള പദ്ധതി

പത്തനാപുരം: ഗ്രാമ പഞ്ചായത്തിൽ വാഴപ്പാറ, മുള്ളൂർ നിരപ്പ്, വാഴ തോട്ടം, കൊല്ല പാറ, ഉടയൻചിറ തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ കഴിഞ്ഞ ആറുമാസമായി കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. അംഗൻവാടി കുട്ടികളടക്കം വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്. വേൾഡ് വിഷന്റെയും പഞ്ചായത്തിന്റെയും ഉൾപ്പെടെ ലക്ഷങ്ങൾ ചെലവഴിച്ച് കുടിവെള്ള പദ്ധതികൾക്കായി ടാങ്കുകളും പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പദ്ധതികൾ പാതിവഴിയിൽ മുടങ്ങിയതാണ് വിനയായത്. തറനിരപ്പിൽ നിന്ന് വളരെ ഉയർന്ന പ്രദേശമായതിനാൽ ഗ്രാമ പ്രദേശത്ത് വേനൽ ആരംഭിക്കുമ്പോൾ തന്നെ കിണറുകളിലെയും ജലാശയങ്ങളിലെയും വെള്ളം വറ്റിത്തുടങ്ങും. ഇവിടത്തെ പഞ്ചായത്ത് കിണറുകളും ഉപയോഗശൂന്യമാണ്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് തലച്ചുമടായാണ് വീടുകളിൽ വെള്ളം എത്തിക്കുന്നത്. പ്രദേശവാസികൾ പഞ്ചായത്തിൽ നിന്ന് വല്ലപ്പോഴും ടാങ്കർ ലോറിയിലെത്തിക്കുന്ന വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ടാങ്കറിൽ ആഴ്ചയിൽ ഒരു ദിവസമോ മറ്റോ എത്തിക്കുന്ന വെള്ളം മിക്ക കുടുംബങ്ങൾക്കും ലഭിക്കാറില്ല. മാറി മാറി വരുന്ന ജനപ്രതിനിധികൾ വർഷങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കക്ഷിരാഷ്ട്രീയ ഭേദമന്യേ റോഡ് ഉപരോധമടക്കം സംഘടിപ്പിച്ചിട്ടും അധികൃതർ കുടിവെള്ള പ്രശ്നത്തിൽ പരിഹാരം കാണാത്തതിൽ പ്രതിഷേധം ശക്തമാണ്.