കുളത്തൂപ്പുഴ: തിരുവനന്തപുരം - ചെങ്കോട്ട പാതയിൽ കുളത്തൂപ്പുഴ ഗണപതിയമ്പലം ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വനപാലകനായ മേരിദാസിന്റെ ബൈക്കും ആമക്കുളം സ്വദേശിയായ ബിനോയിയുടെ ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. ടിമ്പർ ഡിപ്പോയിലെ മണൽ വിതരണകേന്ദ്രത്തിൽ നിന്ന് കുളത്തൂപ്പുഴ വനം റെയിഞ്ച് ഒാഫീസിലേക്ക് വരുകയായിരുന്നു മേരിദാസ്. കുളത്തൂപ്പുഴയിൽ നിന്ന് വരുകയായിരുന്ന ബിനോയ് പ്രധാന പാതയിൽ നിന്ന് നെല്ലിമൂട് ഇടറോഡിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. ഇരുവർക്കും പരാതി ഇല്ലെന്നറിയിച്ചതോടെ നാട്ടുകാരുടെ സഹായത്തോടെ തകർന്ന ബൈക്കുകൾ വർക്ക്ഷോപ്പിലേക്ക് മാറ്റി.