accident
ടിപ്പറിടിച്ച് തകര്‍ത്ത വാഹനങ്ങള്‍

പത്തനാപുരം; അമിത വേഗതയിലെത്തിയ ടിപ്പർ ലോറി റോഡ് വശത്ത് നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ ഇടിച്ചു തകർത്തു. പത്തനാപുരം കൊട്ടാരക്കര മിനിഹൈവേയിൽ തലവൂർ നടത്തേരി ബി. എസ്. എൻ. എൽ ഓഫീസിന് സമീപമായിരുന്നു സംഭവം. കോൺഗ്രസ് പിടവൂർ മണ്ഡലം പ്രസിഡന്റ് ജോസുകുട്ടിയുടെ കാർ പൂർണമായും തകർന്നു. കൂടാതെ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ തലവൂർ പാണ്ടിത്തിട്ട സ്വദേശി ബാലകൃഷ്ണന്റെ ഇരുചക്ര വാഹനം ഉൾപ്പെടെ മൂന്ന് വാഹനങ്ങളെയാണ് ടിപ്പർ ഇടിച്ചു തെറിപ്പിച്ചത്. കോന്നിയിൽ നിന്നും പാറയുമായി കൊട്ടാരക്കര ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. വാഹനങ്ങൾക്കുള്ളിൽ യാത്രക്കാരില്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. കാറും ഇരുചക്ര വാഹനങ്ങളും പൂർണമായും തകർന്ന നിലയിലാണ് . കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.