minister
പുനലൂർ മാർക്കറ്റ് ജംഗ്ഷനിൽ 3കോടി രൂപ ചെലവഴിച്ച് പണിയാൻ ഉദ്ദേശിക്കുന്ന എക്സൈസ് കാംപ്ലസിൻെറ ഭൂമിയും, രേഖകളും പരിശോധിക്കുന്ന മന്ത്രിമാരായ ടി..പി.രാമകൃഷ്ണനും, കെ.രാജുവും. നഗരസഭ ചെയർമാൻ കെ.രാജശേഖരൻ, കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ തുടങ്ങിയവർ സമീപം.

പുനലൂർ: പുനലൂർ ആസ്ഥനമാക്കി പ്രവർത്തിച്ച് വരുന്ന പത്തനാപുരം എക്സൈസ് റെയ്ഞ്ച് ഓഫീസ് തൽസ്ഥാനത്ത് തന്നെ നിലനിറുത്തണമെന്ന് സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജു, പുനലൂരിലെത്തിയ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനോട് ആവശ്യപ്പെട്ടു. മൂന്ന് കോടി രൂപ ചെലവഴിച്ച് പുനലൂർ മാർക്കറ്റ് ജംഗ്ഷനിൽ പണിയാൻ പദ്ധതിയിട്ടിരിക്കുന്ന എക്സൈസ് കോംപ്ലസിന്റെ ഭൂമി പരിശോധനയ്ക്ക് എത്തിയതായിരുന്നു രണ്ട് മന്ത്രിമാരും. നിലവിൽ പുനലൂരിൽ പ്രവർത്തിച്ച് വരുന്ന എക്സൈസ് റെയ്ഞ്ച് ഓഫീസ് പത്തനാപുരത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി രാജു. മാർക്കറ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന നിലവിലെ പഴയ ഓഫീസ് കെട്ടിടം പൂർണമായും നീക്കം ചെയ്ത ശേഷമേ പുതിയ കോംപ്ലസിന്റെ പണികൾ ആരംഭിക്കാവൂ. പഴയ കെട്ടിടം നില നിറുത്തിയുള്ള പുതിയ കെട്ടിടനിർമ്മാണം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്സൈസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 64 സെന്റ് ഭൂമിയിലാണ് എക്സൈസ് കോംപ്ലസ് പണിയുന്നത്. ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ തൊളിക്കോട്ട് വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്ന എക്സൈസ് സർക്കിൾ ഓഫീസ് അടക്കമുള്ളവ കോംപ്ലക്സിലേക്ക് മാറ്റാൻ കഴിയും. കെട്ടിടം പണികൾക്കാവശ്യമായ 3കോടി രൂപ നേരത്തേ സർക്കാർ അനുവദിച്ചിരുന്നു. ഇതിന്റെ രേഖകളും ഭൂമിയും പരിശോധിക്കാനാണ് പുനലൂരിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും എത്തിയത്. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, മുൻ നഗരസഭാ ചെയർമാൻ കെ. രാധാകൃഷ്ണൻ എന്നിവർ ഭൂമി പരിശോധനയ്ക്ക് മന്ത്രിമാർക്കൊപ്പം എത്തിയിരുന്നു.