photo
ജില്ലാ ലൈബ്രറി കൗൺസിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച നാടക കളരിയുടെ സമാപന സമ്മേളനം ഭാരത് ഭവൻ ഡയറക്ടർ പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : എല്ലാത്തരം അധിനിവേശങ്ങളെയും ചെറുത്ത് നാടകം ഇന്നും കരുത്തോടെ നിലനിൽക്കുകയാണെന്ന് ഭാരത് ഭവൻ ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ പ്രമോദ് പയ്യന്നൂർ പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർ സക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച നാടകക്കളരിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരങ്ങിന്റെ രംഗപരിമിതികൾക്കും മാനവികതയുടെ അതിരുകൾക്കുമപ്പുറത്തേക്ക് ചിറകടിച്ചുയരാൻ നാടകത്തിനായി. മനുഷ്യജീവിതത്തിന്റെ യഥാർത്ഥ ചിത്രീകരണം നടന്നത് നാടകത്തിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമ്പ് ഡയറക്ടർ വി .പി. ജയപ്രകാശ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മുതിർന്ന നാടക പ്രവർത്തകരുടെ സംഗമത്തിൽ ഗോപൻ കൽഹാരം, അഹമ്മദ് മുസ്ലീം, പുന്നൂർ ശ്രീകുമാർ ,ആദിനാട് വാസുദേവൻ, ബിജു മഞ്ഞാടി, താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി. വിജയകുമാർ എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി. ബി. ശിവൻ, വൈസ് പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം ആർ .കെ . ദീപ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിലൂടെ കുട്ടികൾ തയ്യാറാക്കിയ നാടകത്തിന്റെ അവതരണവും നടന്നു. ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്ന് തിരെഞ്ഞെടുക്കപ്പെട്ട 30 ഓളം കുട്ടികളാണ് നാടകക്കളരിയിൽ പങ്കെടുത്തത്.