പരവൂർ : പരവൂർ കായൽ മുതൽ തെക്കുംഭാഗം കായൽ വരെയുള്ള ടി.എസ് കനാലിന്റെ ഇരുകരകളിലെയും മാലിന്യശേഖരങ്ങൾ നീക്കുന്നതിന്റെ ഭാഗമായുള്ള ജനകീയ കൂട്ടായ്മയുടെ ശുചീകരണപ്രവർത്തനം ഇന്നലെ ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം. തെക്കുംഭാഗം കുട്ടൂർപാലം ജംഗ്ഷനിൽ ജി.എസ്. ജയലാൽ എം.എൽ.എ ശുചീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അവരവരുടെ വീട്ടിലുള്ള മാലിന്യങ്ങൾ അവരവർ തന്നെ മുൻകൈയെടുത്തു കത്തിച്ച് നശിപ്പിക്കണമെന്നും പൊതുജലാശയങ്ങളിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് ഗൗരവമേറിയ കുറ്റമാണെന്നും ഇതിനെതിരെ പൊലീസിന് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ, കൗൺസിലർമാരായ സുധീർ ചെല്ലപ്പൻ, സുഹൈബ്, അനിൽകുമാർ, യാക്കൂബ്, ഗീത, കുടുംബശ്രീപ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.