march
കൊല്ലം കോർപ്പറേഷൻ പരിധിയിൽ വഴിയോര കച്ചവടം നടത്തുന്നവരെ പുനഃരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള വഴിയോര വ്യാപാരി കോൺഗ്രസ്സ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ച് ഐ.എൻ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: കൊല്ലം കോർപ്പറേഷൻ പരിധിയിൽ വർഷങ്ങളായി വഴിയോരക്കച്ചവടം നടത്തുന്നവരെ പുനഃരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വഴിയോര വ്യാപാരി കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. 2014ൽ പാസാക്കിയ വഴിയോരക്കച്ചവടക്കാരെ സംരക്ഷിക്കാൻ നിയമമുണ്ടാക്കുക, തൊഴിലാളികളുടെ പിടിച്ചെടുത്ത ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ തിരിച്ചു നൽകുക, നിയമം അനുശാസിക്കുന്ന സ്ട്രീറ്റ് വെണ്ടേഴ്‌സ് കമ്മിറ്റികൾ രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.

സി.പി.എമ്മും പോഷക സംഘടനകളും പൊതുനിരത്തുകളും പുറംപോക്കുകളും കൈയേറി ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും ആരംഭിച്ചിട്ടും അതിനെതിരെ ചെറുവിരൽ പോലും അനക്കാത്ത കോർപ്പറേഷൻ അധികാരികൾ സ്‌കൂൾ തുറക്കുന്ന അവസരത്തിൽ വഴിയോരക്കച്ചവടക്കാരെയും അവരുടെ കുടുംബങ്ങളെയും വഞ്ചിച്ചിരിക്കുകയാണന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി പറഞ്ഞു. കേരള വഴിയോര വ്യാപാരി കോൺഗ്രസ് ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ പ്രസിഡന്റ് ഒ.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പള്ളിമുക്ക് എച്ച്. താജുദ്ദീൻ, ടൗൺ പ്രസിഡന്റ് പി.എം. ഫൈസൽ, എ.കെ. താജുദ്ദീൻ, പൂക്കുഞ്ഞ്, നാസിം കട്ടവിള തുടങ്ങിയവർ സംസാരിച്ചു.