കൊല്ലം: ഓപ്പറേഷൻ ഈസി വാക്കിന്റെ ഭാഗമായി നഗരത്തിൽ നിന്ന് ഒഴിപ്പിച്ച വഴിയോരക്കച്ചവടക്കാരിൽ അർഹരായവരെ അധികം വൈകാതെ തന്നെ പുനരധിവസിപ്പിക്കുമെന്ന് മേയർ വി. രാജേന്ദ്രബാബു നഗരസഭാ കൗൺസിൽ യോഗത്തിൽ പറഞ്ഞു.
നഗരസഭ നേരത്തെ നടത്തിയ സർവേയിൽ നഗരത്തിൽ 642 വഴിയോരക്കച്ചവടക്കാരുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്. പിന്നീട് ഇത് 812 ആയി ഉയർന്നു. ഇതിലേറെയും അനർഹരായിരുന്നു. അതുകൊണ്ട് കൗൺസിലർമാർ തന്നെ അതാതിടങ്ങളിൽ പുനരധിവസിപ്പിക്കേണ്ട വഴിയോരക്കച്ചവടക്കാരുടെ പട്ടിക തയ്യാറാക്കണം. ഇവർക്കുള്ള സ്ഥലവും കണ്ടെത്തി നൽകണം. വർഷങ്ങളായി വഴിയോരക്കച്ചവടം നടത്തുന്നവരെയാകണം പരിഗണിക്കേണ്ടത്. ഒരു കുടുംബത്തിൽ നിന്ന് ഒരാളെ മാത്രമേ വഴിയോരക്കച്ചവടം നടത്താൻ അനുവദിക്കാവൂ. വികസന, നഗരാസൂത്രണ സ്ഥിരം സമിതികൾ സംയുക്തമായാകും നഗരഹൃദയത്തിലെ പട്ടിക തയ്യാറാക്കുക. അടുത്ത കൗൺസിൽ യോഗത്തിൽത്തന്നെ പട്ടിക അംഗീകരിക്കണമെന്നും മേയർ വ്യക്തമാക്കി.
കൗൺസിൽ യോഗത്തിലെ ചർച്ചയിൽ പങ്കെടുത്ത ഒട്ടുമിക്ക അംഗങ്ങളും ഓപ്പറേഷൻ ഈസി വാക്കിനെ പൂർണമായും പിന്തുണച്ചു. ഓപ്പറേഷൻ ഈസി വാക്ക് തുടരുന്നതിനൊപ്പം പുനരധിവാസം വേഗത്തിലാക്കണമെന്ന് യു.ഡി.എഫ് നേതാവ് എ.കെ. ഹഫീസ് പറഞ്ഞു. മാലിന്യ സംസ്കരണം. തെരുവ് വിളക്കിന്റെ പരിപാലനം തുടങ്ങിയ എല്ലാക്കാര്യങ്ങളിലും പരാജയമായ കൊല്ലം നഗരസഭ ഐ.എസ്.ഒ അംഗീകാരത്തിന് അർഹമല്ലെന്ന് ഡോ. ഉദയസുകുമാരൻ പറഞ്ഞു.
ഈസി വാക്കിന്റെ ഭാഗമായി പിടിച്ചെടുത്ത സാധനങ്ങൾ ജീവനക്കാർ പങ്കിട്ടെടുക്കുകയാണെന്ന് എസ്. മീനാകുമാരി പറഞ്ഞു. ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും ഇത്തരം വാദങ്ങളുന്നയിച്ച് ഓപ്പറേഷന്റെ ഭാഗമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും മേയർ കുറ്റപ്പെടുത്തി. ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.എസ്. പ്രിയദർശനൻ, ചിന്താ എൽ. സജിത്, പി.ജെ. രാജേന്ദ്രൻ, എം.എ. സത്താർ, കൗൺസിലർമാരായ എൻ. മോഹനൻ, എസ്. പ്രസന്നൻ, ബി. അനിൽകുമാർ, ഹണി ബഞ്ചിൻ, മീനാകുമാരി, അജിത്ത്, നിസാർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
പോളയത്തോട് ശ്മശാനത്തിലെ പുതിയ ക്രിമെറ്റോറിയം ഉടൻ തുറക്കും
പോളയത്തോട് ശ്മശാനത്തിലെ പുതിയ ക്രിമെറ്റോറിയം ഉടൻ തുറന്നു നൽകുമെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. ശ്മശാനത്തിൽ എത്തുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ കൗൺസിലർമാരായ എസ്.ആർ. ബിന്ദുവും സൈജുവും ചൂണ്ടിക്കാട്ടിയപ്പോഴാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്. 10 ലക്ഷം രൂപ ചെലവഴിച്ച് പുൽത്തകിടി, കവാടം, പാർക്ക് എന്നിവ സജ്ജമാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി.