കുണ്ടറ: ഗ്രന്ഥശാലകളുടെ പ്രസക്തി വർദ്ധിച്ചു വരുകയാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെ 69 -ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഓരോ വർഷവും നിരവധി പുതിയ ഗ്രന്ഥശാലകൾ ഉയർന്ന് വരുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക മാറ്റത്തിൽ ഗ്രന്ഥശാലകൾ വഹിച്ച പങ്ക് വിസ്മരിക്കാനാകില്ലെന്നും ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രായഭേദമന്യേ എല്ലാവരും ഒത്തു ചേരുന്ന സ്ഥലമാണ് ഗ്രന്ഥശാലകളെന്നും അദ്ദേഹം വ്യക്തമാക്കി. മുളവന പ്ലാസാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ ലൈബ്രറി അംഗങ്ങളെയും അംഗങ്ങളുടെ മക്കളെയും മന്ത്രി അനുമോദിച്ചു. ലൈബ്രറിയുടെ മുൻകാല ഭാരവാഹികളെ കുണ്ടറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു രാജേന്ദ്രൻ ആദരിച്ചു. ലൈബ്രറി സെക്രട്ടറി ആർ. മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ, ലൈബ്രറി വൈസ് പ്രസിഡന്റ് ഷീന ജി. പിള്ള, ആഘോഷക്കമ്മിറ്റി ചെയർമാൻ എൻ. ഗോപാലകൃഷ്ണൻ, കൺവീനർ ജി. രാധാകൃഷ്ണൻ, ബാലവേദി പ്രസിഡന്റ് ശരണ്യ ബി.എസ്, സെക്രട്ടറി കൃപ അനിയൻ എന്നിവർ സംസാരിച്ചു. ബാലവേദി ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണവും നടന്നു.