പുത്തൂർ: ബൈക്ക് അപകടം സംഭവിച്ച് ചലനശേഷി നഷ്ട്ടപ്പെട്ട യുവാവ് ചികിത്സാ സഹായത്തിനായി സുമനസുകളുടെ കനിവ് തേടുന്നു. കാരിക്കൽ രാജീവ് ഭവനിൽ രഞ്ജിത്താണ് (32) ഒന്നര വർഷമായി കിടക്കയിൽ ദുരിതജീവിതം തള്ളി നീക്കുന്നത്. അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്യവേ 2018 ഫെബ്രുവരി 25ന് കാരിക്കൽ നടന്ന ബൈക്ക് അപകടത്തിൽ ഇരുമ്പ് തൂണിൽ തലയിടിച്ച് വീണാണ് രഞ്ജിത്തിന് ചലനശേഷി നഷ്ടമായത്. ഉടൻ തന്നെ സ്വകാര്യ മെഡിക്കൽ കോളേജ് അശുപ്രതിയിൽ ചികിത്സ തേടി. തലയോട്ടി പൊട്ടിപ്പോയതിനാൽ ശസ്ത്രക്രിയ വേണ്ടി വന്നു. ശസ്ത്രകിയ വിജയകരമായി പൂർത്തിയാക്കിയെങ്കിലും ചലന ശേഷിയും സംസാരശേഷിയും നഷ്ട്ടപ്പെട്ടു. ഏകദേശം 20 ലക്ഷത്തോളം രൂപ ഇതുവരെ ചികത്സയ്ക്ക് ചെലവായി. രഞ്ജിതിന് ജീവിതത്തിലേക്ക് മടങ്ങി വരാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഇതിന് ഭീമമായ തുക ആവശ്യമാണ്. രഞ്ജിത്തിനെ നോക്കാൻ എപ്പോഴും ഒരാൾ വേണമെന്നതിനാൽ കശുഅണ്ടി തൊഴിലാളിയായ അമ്മ വിജയകുമാരിക്ക് ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഫാബ്രിക്കേറ്റർ ആയി ജോലി ചെയ്യുന്ന സഹോദരൻ രാജീവിന്റെ വരുമാനത്തിലാണ് ഇവരുടെ കുടുംബം കഴിഞ്ഞു പോകുന്നത്. രഞ്ജിത്തിന്റെ അമ്മ വിജയകുമാരി മകനെ വീണ്ടെടുക്കാൻ സുമനസുകളുടെ സഹായം തേടുകയാണ്. പുത്തൂർ എസ്.ബി.ഐയിൽ വിജയകുമാരിയുടെ പേരിൽ 67332231922 എന്ന നമ്പരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFSC കോഡ്: SBIN0070293. ഫോൺ: 8943941298.