കൊല്ലം: 'വൈകിട്ട് തന്നെ പുറപ്പെടണം... രാവിലെ കണ്ണനെ നിർമ്മാല്യം കണ്ട് തൊഴാമെന്ന നേർച്ചയാണ്..' എൻ.കെ പ്രേമചന്ദ്രന്റെ കൊല്ലത്തെ വസതിയായ 'മഹേശ്വരി' തിരഞ്ഞെടുപ്പ് വിജയത്തിന്റെ ലഹരിയിലാണെങ്കിലും ഭാര്യ ഡോ.എസ്.ഗീതയുടെ മനസ്സിൽ നിറയെ പ്രാർത്ഥനയാണ്. ' ഓരോ തവണയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഗുരുവായൂരപ്പനെ നിർമ്മാല്യം കണ്ട് തൊഴുന്നത് പതിവാണ്. ഇന്നലെ രാവിലെ മുതൽ ക്ഷേത്ര ദർശനത്തിലായിരുന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്രം മുതൽ കൊല്ലം പുതിയകാവ് വരെ ദർശനം നടത്തി".
'' വോട്ടെണ്ണൽ ദിവസം അടുത്തുവരുംതോറും വല്ലാത്ത ടെൻഷനിലായിരുന്നു. 78000 വോട്ടിന്റെ ലീഡാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. സംഘി എന്ന് മുദ്രകുത്തി വ്യക്തിഹത്യ നടത്തിയതിൽ മാത്രമായിരുന്നു സങ്കടം. തോറ്റിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി..'' ഭർത്താവിന്റെ വിജയത്തിൽ ആഹ്ളാദിക്കുമ്പോഴും പിന്നിട്ട ദിവസങ്ങളിലെ പിരിമുറുക്കം ഗീതയുടെ വാക്കുകളിൽ നിറഞ്ഞു.
മകൻ കാർത്തിക്ക് മാറുന്ന ലീഡ് നില അമ്മയെ ഇടയ്ക്കിടെ ധരിപ്പിക്കുന്നുണ്ട്. ജയിച്ചാൽ ബി.ജെ.പിയിലേക്ക് അച്ഛൻ പോകുമെന്ന് പറഞ്ഞവർ ഇനി എന്തു പറയുമെന്നാണ് കാർത്തിക്കിന്റെ ചോദ്യം. ഇടതു കോട്ടകളായ പുനലൂരിലും ചടയമംഗലത്തും ലീഡ് നില ഉയരാൻ കാരണം അച്ഛന്റെ ശക്തമായ പ്രചാരണമാണെന്ന് കാർത്തിക്ക് പറയുന്നു. സോഷ്യൽ മീഡിയയിൽ അച്ഛനുവേണ്ടി പ്രചരണം നയിച്ചത് ഈ മകനായിരുന്നു. പോർച്ചുഗലിലെ പഠനത്തിനിടെയാണ് അവധിയെടുത്തു വന്നത്.
ഭൂരിപക്ഷം ഒരു ലക്ഷം പിന്നിട്ടെന്ന വാർത്ത വന്നതോടെ ലഡുവുമായി ആളെത്തി. ഗീതയുടെ സഹോദരങ്ങളും മഹേശ്വരിയിൽ എത്തിയിട്ടുണ്ട്.