പരവൂർ: മാലിന്യവാഹിനിയായി മാറിയ പരവൂരിലെ മണിയംകുളം തോട് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. കുടുംബശ്രീ - ആശാ വർക്കർമാർ, നഗരസഭാ ജീവനക്കാർ കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടി നടത്തിയത്. ദൗത്യത്തിൽ പങ്കെടുത്തവർ ആറ് വള്ളങ്ങളിലായി തോടിന്റെ ഇരുവശങ്ങളിലായി കുന്നുകൂടിയ മാലിന്യം നീക്കംചെയ്യുകയും കരയിലെത്തിച്ച് കത്തിക്കുകയും ചെയ്തു.
പരവൂർ കായലിനെയും ഇടവ നടയറ കായലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മണിയംകുളം തോട് വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യത്തിന് പുറമെ അറവ് മാലിന്യവും ഹോട്ടലുകളിലെയും വ്യാപാര കേന്ദ്രങ്ങളിലെയും വീടുകളിലെയും മാലിന്യവും തോട്ടിലേക്ക് നിക്ഷേപിക്കുന്നത് പതിവായി മാറി. തോട്ടിലേക്കുള്ള മാലിന്യം നിക്ഷേപം വർദ്ധിച്ചതോടെ ജനം മൂക്ക് പൊത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. നാല് വർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി തോടിന്റെ ഇരുവശത്തും സൈഡ് വാളും ബോട്ട് ജെട്ടികളും നിർമ്മിച്ചെങ്കിലും അവയെല്ലാം നോക്കുകുത്തിയായി മാറി.
മണിയംകുളം തോടിന്റെ ശോച്യാവസ്ഥയെക്കുറിച്ച് കേരളകൗമുദി പലതവണ വാർത്തകൾ പ്രസിദ്ധീകരിച്ചതോടെ അധികൃതർ വിഷയത്തിന്റെ ഗൗരവം മനസിലാക്കുകയും തോടിന്റെ ശുചീകരണവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുകയും ചെയ്തു.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കുട്ടൂർ പാലം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സുധീർ ചെല്ലപ്പൻ, അനിൽകുമാർ, യാക്കൂബ്, അംബിക, വൈസ് ചെയർപേഴ്സൺ ഷീബ എന്നിവർ സംസാരിച്ചു. തോട്ടിലേക്കുള്ള മാലിന്യനിക്ഷേപത്തിന് തടയിടുന്നതിനായി റോഡിന് സമീപം നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.