komban
റോയി

 പിടിയിലായത് കൊല്ലം നഗരത്തിലെ മൊത്തവില്പനക്കാരൻ

കൊല്ലം: ഏറെ കോളിളക്കം സൃഷ്ടിച്ച കൃഷ്ണകുമാർ വധക്കേസിലെ മുഖ്യപ്രതി ഒന്നേകാൽ കിലോ കഞ്ചാവുമായി പിടിയിലായി. കൊല്ലം ബംഗ്ലാവ് പുരയിടം സിറ്റി സെൻട്രൽ നഗർ 137 ൽ കൊമ്പൻ റോയിയെന്ന് വിളിക്കുന്ന റോയി (46) ആണ് പിടിയിലായത്. കൊല്ലം നഗരത്തിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും റോയി കഞ്ചാവ് വിൽക്കുന്നതായി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്.രഞ്ജിത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇടപാടുകാർക്കു കൈമാറാനായി ബിഗ് ഷോപ്പറിൽ കഞ്ചാവുമായി വരുമ്പോൾ രണ്ടാംകുറ്റി അറബിക് കോളേജിന് സമീപത്താണ് ഇയാൾ പിടിയിലായത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തുകയായിരുന്നു.

മധുരയിൽ നിന്ന് വലിയ അളവിൽ കഞ്ചാവ് എത്തിച്ച് നഗരത്തിലെ ചില്ലറ വില്പനക്കാർക്ക് നൽകുന്നത് കൊമ്പൻ റോയിയാണ്. മധുരയിൽ നിന്ന് പതിനായിരം രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് ഇവിടെയെത്തിച്ച് അഞ്ചിരട്ടി ലാഭത്തിലാണ് വിറ്റിരുന്നത്. വീട് കേന്ദ്രീകരിച്ച് കച്ചവടം ഇല്ലാത്തതിനാൽ നാട്ടുകാർക്ക് ആർക്കും ഇയാളുടെ ഇടപാടിനെക്കുറിച്ച് അറിയില്ലായിരുന്നു.

മൂന്നര വർഷം മുൻപ് ചിന്നക്കട സ്വദേശി കൃഷ്ണകുമാറിനെ കാണാതായപ്പോൾ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ കൊമ്പൻ റോയി മദ്യപാനത്തിനിടെ താനാണ് കൃഷ്ണകുമാറിനെ കൊലപ്പെടുത്തിയതെന്ന് സുഹൃത്തിനോട് വെളിപ്പെടുത്തി. വിവരമറിഞ്ഞ് ക്രൈംബ്രാഞ്ച് സംഘം കൊമ്പൻ റോയിയെ പിടികൂടി. തുടർന്ന് ചിന്നക്കട എഫ്.സി.ഐ ഗോഡൗണിന് സമീപത്ത് നിന്ന് കൃഷ്ണകുമാറിന്റെ മൃതദേഹം കണ്ടെത്തി.

ഈ കേസിൽ വിചാരണ തടവുകാരനായിരുന്ന കൊമ്പൻ റോയി പുറത്തിറങ്ങിയാണ് കഞ്ചാവ് കച്ചവടം തുടങ്ങിയത്. കൊല്ലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഐ. നൗഷാദ്, ഇൻസ്‌പെക്ടർ ശ്യാംകുമാർ, പ്രിവന്റീവ് ഓഫീസർമാരായ രാജു, സുരേഷ് ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദിലീപ് കുമാർ, അനീഷ് , എവേഴ്‌സൺ ലാസർ, രഞ്ജിത്ത്, അനിൽ എന്നിവരടങ്ങിയ സംഘമാണ് റോയിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.